വരുൺ ധവാനും പത്‌നി നതാഷ ദലാലും

ബോളിവുഡ് താരം ഹൃതിക് റോഷന്‍ നിലവില്‍ താമസിക്കുന്ന മുംബൈ ജുഹൂവിലെ വസതിയിലേക്ക് മാറാനൊരുങ്ങി നടന്‍ വരുണ്‍ ധവാനും കുടുംബവും. ഈ അപാര്‍ട്മെന്റ് വാടകയ്ക്കെടുത്ത വരുണ്‍ ധവാന്‍, ഭാര്യയും ഡിസൈനറുമായ നതാഷ ദലാലിനും മകള്‍ക്കുമൊപ്പം പുതിയ താമസസ്ഥലത്തേക്ക് താമസിയാതെ മാറുമെന്നാണ് മാധ്യമറിപ്പോര്‍ട്ട്.

ജുഹൂവില്‍ തന്നെയുള്ള മറ്റൊരു അപാര്‍ട്‌മെന്റിലേക്കാണ് ഹൃതിക്‌ റോഷന്‍ താമസം മാറുന്നത്. ഹൃതിക്‌ പുതിയ അപാര്‍ട്‌മെന്റിലേക്ക് മാറിയാല്‍ അതിന് പിന്നാലെ വരുണും കുടുംബവും ഇവിടേക്ക് താമസിക്കാനെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടലിനഭിമുഖമായുള്ള ഈ അപാര്‍ട്‌മെന്റില്‍ നടന്‍ അക്ഷയ് കുമാര്‍, നിര്‍മാതാവ് സാജിദ് നാദിയാദ്വാല എന്നിവരാകും വരുണ്‍ ധവാന് അയല്‍വാസികളായിയുണ്ടാകുക. ഇതേ കെട്ടിടത്തിലാണ് അക്ഷയും സാജിദും താമസിക്കുന്നത്.

ജൂണ്‍ മൂന്നിനാണ് ധവാന്‍-നതാഷ ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. വളര്‍ത്തുനായ ജോയിയുടെ അനിമേഷന്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് കുഞ്ഞ് പിറന്ന വിവരം വരുണ്‍ ധവാന്‍ ആരാധകരെ അറിയിച്ചത്. ജോയി പാരച്യൂട്ടില്‍ ഇരിക്കുന്നതിനോടൊപ്പം ‘കുഞ്ഞുപെങ്ങള്‍ക്ക് സ്വാഗതം’ എന്ന കുറിപ്പ് കൂടി കാണുന്ന വിധത്തിലുള്ള അനിമേഷന്‍ വീഡിയോയാണ് ആരാധകര്‍ വി.ഡി. എന്നു വിശേഷിപ്പിക്കുന്ന താരം പങ്കുവെച്ചത്.

‘ഞങ്ങളുടെ മകള്‍ പിറന്നിരിക്കുന്നു, കുഞ്ഞിനും അമ്മയ്ക്കും നിങ്ങളേവരും നല്‍കിയ ആശംസകള്‍ക്ക് നന്ദി’ എന്നും പോസ്റ്റില്‍ കുറിച്ചിരുന്നു. ശ്രദ്ധ കപൂര്‍, കരീന കപൂര്‍, മൗനി റോയി, രാകുല്‍ പ്രീത് സിങ്, അദിതി റാവു ഹൈദരി, രോഹിത് സരാഫ്, മലൈക അറോറ, പൂജ ഹെഗ്ഡെ, വാണി കപൂര്‍, ജാന്‍വി കപൂര്‍, ആയുഷ്മാന്‍ ഖുറാന, കിയാര അദ്വാനി തുടങ്ങി നിരവധി താരങ്ങള്‍ ആശംസകളുമായെത്തിയിരുന്നു.

ആദിത്യ സര്‍പോത്ദാര്‍ സംവിധാനം ചെയ്ത മുഞ്ജ്യയാണ് വരുണ്‍ ധവാന്റെ ഏറ്റവും ഒടുവിലായെത്തിയ ചിത്രം. ഇതില്‍ അതിഥിവേഷമായിരുന്നു താരത്തിന്. നിരവധി താരങ്ങളുള്ള ബോളിവുഡില്‍ തന്റേതായ ഇടവും ആരാധകരേയും നേടിയ യുവതാരങ്ങളിലൊരാളാണ് വരുണ്‍ ധവാന്‍.