തഹ്‌സിൻ മുഹമ്മദ് ജംഷീദ്
ദോഹ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാറൗണ്ടില്‍ ഇന്ത്യക്കും പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനും ചൊവ്വാഴ്ച നിര്‍ണായകം. ഖത്തറിനെതിരേ കളിക്കാനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്ക് ചിന്തിക്കാനാകില്ല. രാത്രി 9.15-നാണ് ഇന്ത്യ-ഖത്തര്‍ മത്സരം.
ഗ്രൂപ്പ് എ-യില്‍ 13 പോയിന്റുമായി ഖത്തര്‍ മൂന്നാം റൗണ്ട് യോഗ്യത ഉറപ്പിച്ചു. രണ്ടാമത്തെ ടീമിനായി ഇന്ത്യ, അഫ്ഗാനിസ്താന്‍ (അഞ്ച് പോയിന്റുവീതം) കുവൈത്ത് (നാല് പോയിന്റ്) ടീമുകളാണ് രംഗത്ത്. രാത്രി 11.15-ന് നടക്കുന്ന കളിയില്‍ കുവൈത്ത് അഫ്ഗാനെ നേരിടും.
ജയിച്ചാല്‍ ഇന്ത്യക്ക് യോഗ്യത ഉറപ്പാകും. കാരണം ഗോള്‍ വ്യത്യസത്തില്‍ ഇന്ത്യ അഫ്ഗാനിസ്താനെക്കാള്‍ മുന്നിലാണ്. നായകന്‍ സുനില്‍ ഛേത്രി വിരമിച്ചശേഷമുള്ള ആദ്യമത്സരമെന്ന പ്രത്യകതയുമുണ്ട്.
സമീപകാല പ്രകടനം ഇന്ത്യന്‍ ടീമിന് ആശ്വാസം പകരുന്നതല്ല. അവസാനം കളിച്ച നാലുകളിയില്‍ രണ്ടു തോല്‍വിയും രണ്ടു സമനിലയുമാണ് ഇന്ത്യയുടെ സമ്പാദ്യം. ലോകകപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്നില്ലെങ്കില്‍ പരിശീലകസ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച സ്റ്റിമാച്ചിനും മത്സരം ഏറെ നിര്‍ണായകമാണ്.
ഖത്തർ ടീമിൽ കളിക്കാന്‍ മലയാളി താരവും
ഇന്ത്യക്കെതിരേ കളിക്കാനുള്ള ഖത്തര്‍ ടീമില്‍ കണ്ണൂര്‍ സ്വദേശിയായ 18-കാരന്‍ തഹ്സിന്‍ മുഹമ്മദ് ജംഷീദുമുണ്ട്. ഖത്തര്‍ ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വംശജനെന്ന ഖ്യാതിയുള്ള മുന്നേറ്റനിരക്കാരന്‍ തഹ്സിന്‍ അല്‍ ദുഹൈല്‍ ക്ലബ്ബിനായാണ് ബൂട്ടുകെട്ടുന്നത്.
ഖത്തറിന്റെ അണ്ടര്‍-17, 19 ടീമുകളില്‍ കളിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ താരമായ ജംഷീദിന്റെയും ഷൈമയുടെയും മകനാണ്. ജംഷീദും കുടുംബവും 1996 മുതല്‍ ദോഹയിലാണ്. തഹ്സിന്‍ അവിടെയാണ് ജനിച്ചത്.
