മനോജ് കെ ജയൻ തന്റെ പുതിയ ഡിഫൻഡറുമായി | Photo: Land Rover Muthoot Motors

മലയാള സിനിമയിലെ മികച്ച നടന്‍, ഗായകന്‍ എന്നീ മേഖലകളില്‍ തിളങ്ങുന്ന ബഹുമുഖ പ്രതിഭയാണ് മനോജ് കെ ജയന്‍ എന്ന താരം. വിദേശത്തെ തന്റെ യാത്രകള്‍ക്കായി ടെസ്‌ല മോഡല്‍-3 ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ നിരത്തുകളിലെ യാത്രകള്‍ക്കായി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഗ്യാരേജില്‍ എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു കോടി രൂപയ്ക്ക് മുകളില്‍ എക്‌സ്‌ഷോറൂം വിലയുള്ള എച്ച്.എസ്.ഇ. പതിപ്പാണ് മനോജ് കെ. ജയന്‍ സ്വന്തമാക്കിയിരിക്കുന്നത്.

കൊച്ചിയിലെ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ മുത്തൂറ്റ് ജി.എല്‍.ആറില്‍ നിന്നാണ് അദ്ദേഹം തന്റെ പുതിയ ഡിഫന്‍ഡര്‍ സ്വന്തമാക്കിയത്. 2018-ല്‍ ഇതേ ഡീലര്‍ഷിപ്പില്‍ നിന്ന് ജഗ്വാര്‍ എസ്.യു.വി. സ്വന്തമാക്കിയ മനോജ് കെ ജയനെ ഒരിക്കല്‍ കൂടി ലാന്‍ഡ് റോവര്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് അദ്ദേഹം പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ഡീലര്‍ഷിപ്പിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 വിപണിയില്‍ എത്തുന്നുണ്ടെങ്കിലും വെള്ള നിറത്തിലുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ പതിപ്പാണ് മനോജ് കെ ജയന്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇത് 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഒരുങ്ങിയിട്ടുണ്ട്. ടെറൈന്‍ റെസ്‌പോണ്‍സ് സംവിധാനവും ഈ വാഹനത്തിന്റെ ഹൈലൈറ്റാണ്.

ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളില്‍ ഒന്നാണ് ഡിഫന്‍ഡര്‍ എസ്.യു.വി. പതിറ്റാണ്ടുകള്‍ നിരത്തുകളില്‍ നിറഞ്ഞുനിന്നിരുന്ന ഈ വാഹനം ഒരു ഇടവേളയ്ക്ക് ശേഷം 2019-ലാണ് ആഗോള വിപണിയില്‍ എത്തിയത്. കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫന്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്. ഡിഫന്‍ഡര്‍ 90, 110 എന്നീ വകഭേദങ്ങളില്‍ ഈ മോഡല്‍ എത്തുന്നുണ്ട്.

5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമുള്ള ഈ വാഹനം ഐതിഹാസിക മോഡലിലെ ബോക്സി രൂപം നിലനിര്‍ത്തിയിട്ടുള്ളതും സവിശേഷതയാണ്. പത്ത് ഇഞ്ച് പിവി പ്രോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്‌ഡേറ്റ്‌സ്, ഓട്ടോമാറ്റിക് കണ്‍ട്രോള്‍ നാല് സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഹീറ്റഡ് മുന്‍നിര സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്.