Photo: PTI
ന്യൂയോര്‍ക്ക്: അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന ടി20 ലോകകപ്പ് മത്സരത്തിനൊടുവില്‍ ബംഗ്ലാദേശിനെ നാലു റണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക. നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ബാറ്റര്‍മാരുടെ പരീക്ഷണക്കളരിയായ പിച്ചില്‍ അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിച്ചാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ടി20-യില്‍ അവര്‍ പ്രതിരോധിച്ച് ജയിക്കുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. ഇതോടെ ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8 ഉറപ്പിച്ചു.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
9.5 ഓവറില്‍ നാലിന് 50 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായ ബംഗ്ലാദേശിനെ പിന്നീട് മത്സരത്തിലേക്ക് തിരികെയെത്തിച്ചത് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച തൗഹിദ് ഹൃദോയ് – മഹ്‌മദുള്ള സഖ്യമായിരുന്നു. 44 റണ്‍സ് ചേര്‍ത്ത ഈ സഖ്യം ടീമിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും 18-ാം ഓവറില്‍ ഹൃദോയിയെ മടക്കി കാഗിസോ റബാദ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 34 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 37 റണ്‍സായിരുന്നു ഹൃദോയിയുടെ സമ്പാദ്യം.
27 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത മഹ്‌മദുള്ള കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായതോടെ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു.
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിനു പിന്നാലെ 114 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റേതും മോശം തുടക്കമായിരുന്നു. തന്‍സിദ് ഹസന്‍ (9), ലിട്ടണ്‍ ദാസ് (9), ഷാക്കിബ് അല്‍ ഹസന്‍ (3) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തിയപ്പോള്‍ 23 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുൽ ഹുസൈന്‍ ഷാന്റോയാണ് ടോപ് ഓര്‍ഡറില്‍ രണ്ടക്കം കടന്ന താരം. തുടര്‍ന്നായിരുന്നു ഹൃദോയ് – മഹ്‌മദുള്ള കൂട്ടുകെട്ട് പിറന്നത്.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഏയ്ഡന്‍ മാര്‍ക്രത്തിനും സംഘത്തിനും നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 113 റണ്‍സ് മാത്രമാണ്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത തന്‍സിം ഹസനാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. നാല് ഓവര്‍ എറിഞ്ഞ ടസ്‌കിന്‍ അഹമ്മദ് 19 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തി.
ടി20 സ്പെഷ്യലിസ്റ്റുകളുള്ള ടീം ബംഗ്ലാദേശ് ബൗളിങ്ങിനു മുന്നില്‍ തുടക്കത്തിലേ വിറച്ചു. തന്‍സിമിന്റെ ആദ്യ ഓവറില്‍ തന്നെ റീസ ഹെന്‍ഡ്രിക്സ് (0) ഡക്കായി. പ്രതീക്ഷ നല്‍കിയ ക്വിന്റണ്‍ ഡിക്കോക്കും (11 പന്തില്‍ 18) മൂന്നാം ഓവറില്‍ തന്‍സിമിനു മുന്നില്‍ തന്നെ വീണു. ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും (4), ട്രിസ്റ്റന്‍ സ്റ്റബ്ബ്സും (0) പിന്നാലെ മടങ്ങിയതോടെ 4.2 ഓവറില്‍ നാലിന് 23 റണ്‍സെന്ന നിലയിലേക്ക് ദക്ഷീണാഫ്രിക്ക വീണു.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹെന്‍ റിക്ക് ക്ലാസന്‍ – ഡേവിഡ് മില്ലര്‍ സഖ്യമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 79 റണ്‍സ് ചേര്‍ത്ത ഈ സഖ്യമാണ് സ്‌കോര്‍ 100 കടത്തിയത്. 44 പന്തില്‍ നിന്ന് മൂന്നു സിക്സും രണ്ട് ഫോറുമടക്കം 46 റണ്‍സെടുത്ത ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 38 പന്തുകള്‍ നേരിട്ടാണ് മില്ലര്‍ 29 റണ്‍സെടുത്തത്.
