ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ തലശ്ശേരിയിൽ നടത്തിയ റോഡ് ഷോയിൽനിന്ന്

തിരുവനന്തപുരം∙ ലോക്​സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്നു വിജയിച്ച ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കറുടെ ഓഫിസിലെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. കേരള നിയമസഭ മാതൃകയാണെന്നും തുടർന്നുള്ള പ്രവർത്തനങ്ങള്‍ക്ക് സഹായകമാകുമെന്നും രാജി സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് ഷാഫി പ്രതികരിച്ചു.

‘വിജയം വടകരയുടെ രാഷ്ടീയബോധം തെളിയിക്കുന്നതാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ ഭൂരിപക്ഷത്തില്‍ പാലക്കാട്ടെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർഥിയെ ജയിപ്പിക്കും. നല്ല ഭൂരിപക്ഷത്തോടെ പാലക്കാട് നിലനിർത്താൻ ഞങ്ങള്‍ക്ക് സാധിക്കും. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തുണ്ടായ വികസനം അതിനൊരു കാരണമാകും’– ഷാഫി പറഞ്ഞു.

‘ഈയൊരു തിരഞ്ഞെടുപ്പിന്‍റെ ആവശ്യം മനസ്സിലാക്കുന്ന ജനതയാണ് അവിടെയുള്ളത്. തോറ്റിട്ട് വാ എന്നുപറഞ്ഞല്ല അവരെന്നെ വടകരയിലേക്കയച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഓരോ സീറ്റും കോൺഗ്രസിന് ലഭിക്കേണ്ട ആവശ്യം അവർക്കറിയാം. അവരുടെ പ്രാർത്ഥനകൊണ്ടുകൂടെയാണ് ജയിച്ചതെന്ന് വിശ്വസിക്കുന്നു’– ഷാഫി വ്യക്തമാക്കി.