ദമ്പതിമാരുടെ വിവാഹഫോട്ടോ
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ മകളെ കാണാതായതായി വടക്കേക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പരാതിക്കാരിയുടെ പിതാവ്. രാഹുലിനെതിരേ പരാതിനൽകാൻ മകളെ നിർബന്ധിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ലെന്നും പിടിക്കപ്പെടുമെന്നായപ്പോൾ രാഹുൽ മകളെ സ്വാധീനിച്ചതായിരിക്കാമെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.
ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മകൾ തിരുവനന്തപുരത്തെ ഓഫീസിലേക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് പോയത്. അതിനുശേഷം എട്ടാം തീയതിവരെ മകളുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, ഞായറാഴ്ചയും തിങ്കളാഴ്ചയും വിളിച്ചിട്ട് കിട്ടിയില്ല. തുടർന്ന് അവൾ ജോലിചെയ്യുന്ന കമ്പനിയുടെ മാനേജരുമായി ബന്ധപ്പെട്ടപ്പോൾ മൂന്നാം തീയതി മുതൽ 21-ാം തീയതി വരെ മകൾ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് മകളെ കാണാനില്ലെന്ന് പരാതി നൽകി. കേസിൽ മകളുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും പിടിക്കപ്പെടുമെന്നായപ്പോൾ രാഹുൽ മകളെ സ്വാധീനിച്ചതായിരിക്കാമെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.
രാഹുലിന്റെ വീട്ടിൽ അടുക്കളകാണൽ ചടങ്ങിന് പോയപ്പോൾ ഞങ്ങൾ കണ്ടതും മകൾ പറഞ്ഞതുമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പോലീസിൽ പരാതിനൽകിയത്. മകളെ നിർബന്ധിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല. വളരെ നല്ലരീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രാഹുലിനെ പിടികൂടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നതായാണ് പോലീസിൽനിന്ന് ലഭിച്ച വിവരം. അതിനിടയിലാണ് മകളുടെ മൊഴിമാറ്റം, അദ്ദേഹം വ്യക്തമാക്കി.
മകൾ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ കാര്യം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും അത് രാഹുലിന്റെ സമ്മർദ്ദം കാരണമാകാമെന്നുമാണ് പിതാവ് പറയുന്നത്. വിവാഹം കഴിച്ച ആളെന്ന നിലയിൽ രാഹുലിനോട് മകൾക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നുവെന്നും പരാതിക്കാരിയുടെ പിതാവ് പറഞ്ഞു.
