Photo | AFP

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എ യിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ പാകിസ്താന്റെ സൂപ്പര്‍ 8 മോഹത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ അമേരിക്കയോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയതിനു പിന്നാലെ ഞായറാഴ്ച ഇന്ത്യയോടും അടിയറവ് പറഞ്ഞു. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ പാകിസ്താന് ജയം അനിവാര്യമായി. തന്നെയുമല്ല, ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകളുടെ ഇനിയുള്ള മത്സരഫലത്തെ ആശ്രയിച്ചാണ് പാകിസ്താന്റെ സാധ്യതകള്‍ നില്‍ക്കുന്നത്‌.

കാനഡ, അയര്‍ലന്‍ഡ് ടീമുകളെയാണ് പാകിസ്താന് ഇനി നേരിടാനുള്ളത്. ഇതിലേതെങ്കിലും മഴ കാരണം തടസ്സപ്പെട്ടാല്‍ പാകിസ്താന്‍ ഏതാണ്ട് പുറത്താവും. രണ്ട് കളികള്‍ ജയിച്ചുനില്‍ക്കുന്ന യു.എസ്.എ. ഇനി ഒരു കളിയിലും ജയിക്കുകയുമരുത്. ഇന്ത്യ, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരെയാണ് യു.എസിന് ഇനി മത്സരങ്ങളുള്ളത്. അതേസമയം കാനഡ ജയിച്ചാലും പാകിസ്താന്റെ സാധ്യതയ്ക്ക് മങ്ങലേല്‍ക്കും.

അടുത്ത രണ്ട് കളികള്‍ പാകിസ്താന്‍ ജയിക്കുകയും യു.എസ്.എ.യും കാനഡയും ജയിക്കാതിരിക്കുകയും ചെയ്താല്‍, നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും. റണ്‍ റേറ്റില്‍ യു.എസ്.എ.യെ മറികടക്കാനായാല്‍ പാകിസ്താന് സൂപ്പര്‍ എട്ടിലെത്താം. അല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങാം. നിലവില്‍ പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ് -0.15 ആണ്. രണ്ടുവീതം കളികള്‍ ജയിച്ച ഇന്ത്യക്കും യു.എസ്.എ.ക്കും ഭേദപ്പെട്ട നെറ്റ് റണ്‍റേറ്റുണ്ട്.

അതുകൊണ്ടുതന്നെ യു.എസ്.എ.യ്‌ക്കെതിരേ ഇന്ത്യ വന്‍ മാര്‍ജിനില്‍ ജയിക്കണമെന്നായിരിക്കും പാകിസ്താന്‍ ആഗ്രഹിക്കുക. അതുവഴി യു.എസ്.എ.യുടെ നെറ്റ് റണ്‍റേറ്റ് കുറയ്ക്കാനാകുമെന്നാണ് പാക് താരങ്ങളുടെ പ്രതീക്ഷ. നിലവില്‍ രണ്ട് കളികളില്‍ രണ്ട് ജയവുമായി ഇന്ത്യയും യു.എസ്സും നാലുപോയിന്റോടെ ഒന്നാമതാണ്. ജയമില്ലാതെ പാകിസ്താന്‍ നാലാമതും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ട് ടീമുകള്‍ വീതമാണ് സൂപ്പര്‍ എട്ടിലെത്തുക.