മൂന്നാം മോദി മന്ത്രിസഭയിലെ മന്ത്രിമാർ | Photo: ANI

ന്യൂഡൽഹി: മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസ്, സമാദ്‌വാദി പാർട്ടി (എസ്.പി.) അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി സംസാരിച്ചിരുന്നു. മക്കൾ രാഷ്ട്രീയം (പരിവാർവാദ്) ജനാധിപത്യത്തിന് ഭീഷണിയെന്ന് മോദി തെലങ്കാനയിൽ പ്രസംഗിച്ചിരുന്നു. എന്നാൽ മൂന്നാം മോദി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ മക്കൾ രാഷ്ട്രീയക്കാരുടെ വൻ നിരയാണ് മന്ത്രിസഭയിൽ.

71 പേരടങ്ങുന്ന മൂന്നാം മോദി മന്ത്രിസഭയാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയത്. 30 ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരും 5 സ്വതന്ത്ര സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മന്ത്രിമാരായി സത്യപ്രതിജ്ഞ ചൊല്ലിയവരിൽ ഏറെയും മക്കൾ രാഷ്ട്രീയത്തിൽ കൂടി സംസ്ഥാന – ദേശീയ രാഷ്ട്രീയത്തിലെത്തിയവരാണ്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവ​ഗൗഡയുടെയുടെ മകനും കർണാടക മുഖ്യമന്ത്രിയുമായിരുന്ന എച്ച്.ഡി. കുമാരസ്വാമി, മുൻ പ്രധാനമന്ത്രി ചരൺസിങ്ങിന്റെ പേരമകനും മുൻ കേന്ദ്രമന്ത്രി അജിത് സിങ്ങിന്റെ മകനുമായ ജയന്ത് ചൗധരി, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനും ആദ്യകാല ജനസംഘം – ബിജെപി നേതാവായിരുന്ന വിജയരാജ സിന്ധ്യയുടെ പേരമകനുമായ ജ്യോതിരാദിത്യ സിന്ധ്യ, രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ, ബിഹാർ മുൻ മുഖ്യമന്ത്രിയായിരുന്ന കർപ്പുരി ഠാക്കൂറിന്റെ മകൻ രാം നാഥ് ഠാക്കൂർ, ഹരിയാന മുൻ മുഖ്യമന്ത്രിയും റാവു ബിരേന്ദ്രസിങ്ങിന്റെ മകൻ ഇന്ദ്രജിത് സിങ്, തെലുഗുദേശം പാർട്ടി നേതാവും ദേവ​ഗൗഡ – ഗുജറാൾ മന്ത്രിസഭകളിലെ അംഗവുമായിരുന്ന കെ യേരൻ നായിഡുവിന്റെ മകൻ രാം മോഹൻ നായിഡു, വാജ്പേയി മന്ത്രിസഭാംഗമായിരുന്ന വേദ് പ്രകാശ് ഗോയലിന്റെയും മഹാരാഷ്ട്ര മുൻ എം.എൽ.എ. ചന്ദ്രകാന്ദ ഗോയലിന്റെയും പുത്രൻ പിയൂഷ് ഗോയൽ, വാജ്പേയിക്കു കീഴിൽ മന്ത്രിയായിരുന്ന ദേബേന്ദ്ര പ്രധാന്റെ മകൻ ധർമേന്ദ്ര പ്രധാൻ, കോൺഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകൻ ജിതിൻ പ്രസാദ, ബി.എസ്.പിയുടെ സ്ഥാപകാംഗവും അപ്നാദൾ പാർട്ടി സ്ഥാപകനുമായ സോനേലാൽ പട്ടേലിന്റെയും അപ്നാദൾ മുൻ അധ്യക്ഷ കൃഷ്ണ പട്ടേലിന്റെയും മകൾ അനുപ്രിയ പട്ടേൽ, മഹാരാഷ്ട്രയിലെ മുതിർന്ന എൻ.സി.പി. നേതാവ് ഏക്നാഥ് ഖദ്സെയും മകന്റെ വിധവ രക്ഷാ ഖദ്സെ, യു.പിയിലെ പൊതുയോഗത്തിൽ പ്രസംഗിക്കവെ വെടിയേറ്റു മരിച്ച ഓംപ്രകാശ് പാസ്വാന്റെ മകൻ കമലേശ് പാസ്വാൻ, ബംഗാൾ മുൻമന്ത്രി മഞ്ജുൾ കൃഷ്ണ ഠാക്കൂറിന്റെ മകൻ ശാന്തനു ഠാക്കൂർ, അരുണാചൽ പ്രദേശ് നിയമസഭയിലെ ആദ്യ പ്രോടേം സ്പീക്കർ റിഞ്ചിൻ ഖാറുവിന്റെ മകൻ കിരൺ റിജിജു തുടങ്ങിയവർ പാരമ്പര്യമായി മക്കൾ രാഷ്ട്രീയത്തിലൂടെ എത്തിയവരാണ്.

മക്കൾ രാഷ്ട്രീയം ജനാധിപത്യത്തിനും രാജ്യത്തിന്റെ വളർച്ചയ്ക്കും ഭീഷണിയാകുമെന്നുമായിരുന്നു തെലങ്കാനയിൽ വെച്ച് നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി പ്രസംഗിച്ചത്. യുവാക്കളായ നേതാക്കളെ വളർത്തിക്കൊണ്ടുവരുന്നതിൽ കോൺഗ്രസ് ഭയപ്പെടുന്നുവെന്നും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഉന്നം വെച്ച് മോദി അന്ന് പ്രസംഗിച്ചിരുന്നു.