ബൈക്ക് മോഷണക്കേസിൽ അരൂർ പോലീസിൽ പിടിയിലായവർ
അരൂര്‍(ആലപ്പുഴ): തട്ടുകടയില്‍ ചായകുടിക്കാന്‍ ഉടമ കയറിയ നേരം നോക്കി ബൈക്ക് മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. അരൂര്‍ അറയ്ക്കുമാളിയേക്കല്‍ അശ്വിന്‍ (18), ചക്കാലപ്പറമ്പില്‍ ആഷില്‍ (20), സഹോദരന്‍ അലന്‍ (21) എന്നിവരെയാണ് അരൂര്‍ പോലീസ് അറസ്റ്റ്‌ചെയ്തത്. ജൂണ്‍ രണ്ടിന് പുലര്‍ച്ചെ 1.30-നായിരുന്നു സംഭവം.
പെരുമ്പടപ്പ് സ്വദേശി വിവേകിന്റെ യമഹ ബൈക്കാണ് തട്ടുകടയ്ക്ക് മുന്നില്‍നിന്ന് സംഘം തട്ടിയെടുത്തത്. ആലപ്പുഴയില്‍നിന്ന് സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഇവര്‍ ചായകുടിക്കാന്‍ പോയപ്പോള്‍ ബൈക്കിന്റെ ഇഗ്നീഷ്യന്‍ കണക്ഷന്‍ വിച്ഛേദിച്ച് വാഹനം കടത്തുകയായിരുന്നു. അരൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ നേതൃത്വത്തില്‍ സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
വിശദ അന്വേഷണത്തില്‍ ഫോര്‍ട്ട്കൊച്ചിയില്‍ യുവാക്കള്‍ ബൈക്കുമായി നടക്കുന്ന വിവരം ലഭിച്ചു. അന്വേഷണത്തില്‍ ബൈക്ക് ഇടക്കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
