പ്രതി രാഹുൽ

പെരുവ(കോട്ടയം): പെട്രോള്‍പമ്പില്‍നിന്ന് ബസ് മോഷ്ടിച്ച് കടത്തിയ മൂവാറ്റുപുഴ തിരുമാറാടി സ്വദേശി പാറയിടുക്കില്‍ രാഹുലി(36)നെ വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരുവ-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീഅയ്യപ്പന്‍ എന്ന ബസാണ് മോഷ്ടിച്ച് കടത്തിയത്. ശനിയാഴ്ച രാത്രിയില്‍ സര്‍വീസ് അവസാനിപ്പിച്ച് കുന്നപ്പിള്ളിയിലെ പെട്രോള്‍പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് ഞായറാഴ്ച രാവിലെ ആറിന് സര്‍വീസ് ആരംഭിക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണംപോയ വിവരം അറിയുന്നത്. തുടര്‍ന്ന് വെള്ളൂര്‍ പോലീസില്‍ ഉടമയും ജീവനക്കാരും ചേര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

മോഷ്ടിച്ച ബസുമായി മൂവാറ്റുപുഴയില്‍ എത്തിയ പ്രതി അവിടത്തെ ഒരു പെട്രോള്‍പമ്പിന് സമീപം വാഹനം ഉപേക്ഷിച്ചു. അവിടെ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ബസിലെ കണ്ടക്ടറുടെ ആറായിരം രൂപയും മൊബൈല്‍ ഫോണുമടങ്ങിയ ബാഗ് മോഷ്ടിച്ച് രാഹുല്‍ കടന്നുകളഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴയിലെ ഒരു ബാറില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

പെരുവയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന രാഹുല്‍ മറ്റൊരു സ്വകാര്യ ബസിലെ ഡ്രൈവറാണ്.