പ്രതീകാത്മക ചിത്രം
ചങ്ങനാശ്ശേരി(കോട്ടയം): വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യ മറ്റൊരു യുവാവിനൊപ്പം താമസമാക്കിയതറിഞ്ഞ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് ഭാര്യയെ കുത്തിവീഴ്ത്തി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചങ്ങനാശ്ശേരി വാഴൂര്‍ റോഡിലെ ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
ആദ്യ ഭര്‍ത്താവ് അസം ദേമാജി സ്വദേശി മധുജ ബറുവ (25) ആണ് ആക്രമണം നടത്തിയത്. അസം ദേമാജി സ്വദേശിനി മോസിനി ഗോഗോയ്ക്ക്(22) ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി പോലീസിനുകൈമാറി.
എറണാകുളത്ത് സ്വകാര്യബോട്ടിലെ ജീവനക്കാരനാണ് മധുജ ബറുവ. യുവതി ഇയാളെ ഉപേക്ഷിച്ച് ഫാത്തിമാപുരത്ത് മറ്റൊരു ഇതരസംസ്ഥാന യുവാവിനൊപ്പമാണ് താമസം.
ഞായറാഴ്ച നഗരത്തിലെത്തി സാധനങ്ങള്‍ വാങ്ങിയതിനുശേഷം താമസസ്ഥലത്തേക്ക് പോകാനായി സ്റ്റാന്‍ഡിലെത്തിയപ്പോള്‍ മധുജ യുവതിയെ പിന്തുടര്‍ന്ന് എത്തുകയായിരുന്നു. തുടര്‍ന്ന് സ്റ്റാന്‍ഡിനുള്ളില്‍ തര്‍ക്കമുണ്ടാകുകയും കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് പ്രതി യുവതിയെ തുടരെ കുത്തുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
പ്രതിയുടെ കൈയ്ക്ക് പരിക്കേറ്റതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
