പിണറായി വിജയൻ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യക്ഷമവും സുതാര്യവുമായ അന്വേഷണ നടപടികളാണ് സര്‍ക്കാരും പോലീസും സ്വീകരിച്ചത്. എന്നാല്‍, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
കേസ് സി.ബി.ഐക്ക് വിടുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായതിനാല്‍ ആഭ്യന്തരവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ നല്‍കിയ വിശദീകരണം പരിശോധിച്ചശേഷം സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാര്‍ഥന്റെ മരണം അത്യധികം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. കുടുംബം നിവേദനം നല്‍കിയപ്പോള്‍തന്നെ നിങ്ങളുടെ ആവശ്യം അതാണെങ്കില്‍ സി.ബി.ഐക്ക് വിടാമെന്ന് താന്‍ പറഞ്ഞു. അന്നുതന്നെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഏതാനും ഉദ്യോഗസ്ഥര്‍ രണ്ടുമൂന്നോ ദിവസം വൈകിപ്പിച്ചതുകൊണ്ട് കാര്യങ്ങള്‍ അട്ടിമറിക്കാന്‍ പറ്റുമോ? പ്രചാരണത്തിനായി പറയാമെന്നല്ലാതെ അടിസ്ഥാനപരമായി മാറ്റാന്‍ കഴിയില്ല. വീഴ്ചവരുത്തിയെന്ന് പ്രാഥമികമായി കണ്ടതുകൊണ്ടാണ് അവരെ സസ്‌പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
