കെ. അണ്ണാമലൈ, നരേന്ദ്രമോദി | Photo: ANI
ന്യൂഡല്‍ഹി: മൂന്നാം എന്‍.ഡി.എ. സര്‍ക്കാരില്‍ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ മന്ത്രിയാകുമെന്ന് സൂചന. വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നിയുക്ത മന്ത്രിമാര്‍ക്കായി നിയുക്തപ്രധാനമന്ത്രി നടത്തുന്ന ചാസൽക്കാരത്തിൽ പങ്കെടുക്കുന്നവരിൽ അണ്ണാമലൈയുടെ പേരും ഉണ്ടെന്നാണ് അറിയുന്നത്.
മന്ത്രിമാരാകാന്‍ സാധ്യതയുള്ളവർക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിപ്പിപ്പ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ബി.ജെ.പി. നേതാക്കളായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അര്‍ജുന്‍ റാം മേഘ്‌വാള്‍, സര്‍ബാനന്ദ സോനോവാള്‍, പ്രള്‍ഹാദ് ജോഷി, ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ക്ക് പുറമേ, എല്‍.ജെ.പി. നേതാവ് ചിരാഗ് പസ്വാന്‍, ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി എന്നിവര്‍ക്കാണ് ഇതുവരെ അറിയിപ്പ് ലഭിച്ചത്. 11.30-നാണ് മോദിയുടെ വസതിയിലെ ചായസത്കാരം.
കോയമ്പത്തൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ഡി.എം.കെയുടെ മുൻമേയർ ഗണപതി രാജ്കുമാറിനോട് 1,18,068 വോട്ടുകൾക്ക് അണ്ണാമലൈ പരാജയപ്പെട്ടിരുന്നു. അതിനാൽ കേന്ദ്രമന്ത്രി ആവുകയാണെങ്കിൽ ആറുമാസത്തിനുള്ളിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തുനിന്ന് മത്സരിച്ച് രാജ്യസഭാംഗമാകേണ്ടിവരും.
ഐ.പി.എസ് ഉപേക്ഷിച്ച് ബി.ജെ.പിയിലെത്തിയ അണ്ണാമലൈയുടെ വളർച്ച അതിവേഗമായിരുന്നു. വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യംവച്ചല്ലായിരുന്നു അരതല മുറുക്കി അണ്ണാമലൈ മത്സരരംഗത്തിറങ്ങിയത്. തമിഴ്നാടിനുപുറത്തും ബി.ജെ.പി പ്രവർത്തകർക്കിടയിൽ അണ്ണാമലൈ ജനപ്രിയനായി. തമിഴകത്തിന്റെ മനസ്സിലേക്ക് ബി.ജെ.പി പോലെയൊരു ഹിന്ദി ലേബലുളള പാർട്ടിയ്ക്ക് ഒരു കാരണവശാലും കടന്നുവരാനാകില്ലെന്ന ചിന്തയെ അണ്ണാമലൈ മാറ്റിമറിച്ചു. സ്റ്റാലിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചു. ഡി.എം.കെയ്ക്കെതിരെ മുഖ്യപ്രതിപക്ഷമായി വളരാൻപോലും കെൽപ്പുള്ള പാർട്ടിയായി ബി.ജെ.പി മാറിയെന്നുള്ള പ്രതീതിയും സൃഷ്ടിക്കാൻ അണ്ണാമലൈയുടെ നേതൃത്വത്തിനായി.
അണ്ണാമലൈയുടെ സ്ഥാനാർഥിത്വത്തോടെയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം വരെ ഉറ്റുനോക്കുന്ന തലത്തിലേക്ക് കോയമ്പത്തൂർ മണ്ഡലം മാറുന്നത്. ഇതേ സ്ഥാനാർഥിത്വത്തിന്റെ പേരിൽ തന്നെയാണ് മണ്ഡലം എന്ത് വിലകൊടുത്തും സ്വന്തമാക്കണമെന്ന ലക്ഷ്യത്തിലേക്ക് ഡി.എം.കെ പ്രചാരണം ആരംഭിച്ചതും. 2019 തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യകക്ഷിയായ സി.പി.എം. വിജയിച്ച ഇടമാണ് കോയമ്പത്തൂർ. എന്നാൽ, ഇത്തവണ സി.പി.എമ്മിന് ദിണ്ടിഗൽ സീറ്റുനൽകി ഗണപതി രാജ്കുമാറിനെ ഡി.എം.കെ. കളത്തിലിറക്കിയതിന് പിന്നിലും ഇതേ വാശിയായിരുന്നു.
