പ്രധാനമന്ത്രി മോദി, അമിത് ഷാ |ഫോട്ടോ:ANI

ന്യൂഡല്‍ഹി: മൂന്നാം എന്‍.ഡി.എ. സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകൾ ബിജെപി തന്നെ കൈവശംവെച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന പല പ്രമുഖരും അതേ വകുപ്പുകൾ കൈകാര്യംചെയ്തേക്കും. രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, എസ്. ജയശങ്കർ, അമിത് ഷാ എന്നിവർ രണ്ടാം മോദി സർക്കാരിൽ വഹിച്ച വകുപ്പുകളിൽ തന്നെ തുടർന്നേക്കുമെന്നാണ് വിവരം.

രാജ്നാഥ് സിങ് പ്രതിരോധവും അമിത് ഷാ ആഭ്യന്തരവും നിതിൻ ഗഡ്കരി ഉപരിതല ​ഗതാ​ഗത വകുപ്പുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. രാജ്യസഭാ എംപിമാരായ നിര്‍മല സീതാരാമനും എസ്. ജയശങ്കറും ധനകാര്യം വിദേശകാര്യം എന്നീ വകുപ്പുകളിൽത്തന്നെ തുടർന്നേക്കും.

മോദിക്കൊപ്പം സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്ന ആദ്യഘട്ടത്തില്‍ 30 മന്ത്രിമാരുണ്ടാവുമെന്നാണ് സൂചന. ബി.ജെ.പി. നേതാക്കളായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അര്‍ജുന്‍ റാം മേഘ്‌വാള്‍, സര്‍ബാനന്ദ സോനോവാള്‍, പ്രള്‍ഹാദ് ജോഷി, ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ക്ക് പുറമേ, എല്‍.ജെ.പി. നേതാവ് ചിരാഗ് പസ്വാന്‍, ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി എന്നിവര്‍ക്കാണ് ചായസൽക്കാരത്തിൽ പങ്കെടുക്കാൻ ഇതുവരെ അറിയിപ്പ് ലഭിച്ചത്. ആന്ധ്രയില്‍നിന്നുള്ള പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിക്ക് മന്ത്രിമാരുണ്ടാവില്ലെന്ന് സൂചനയുണ്ട്.

കേരളത്തിൽനിന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയേക്കും. അദ്ദേഹം ഡൽഹിക്ക് പുറപ്പെട്ടിട്ടുണ്ട്. സാധ്യതയുള്ളവര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വൈകീട്ട് 7.15-ന് ആണ് സത്യപ്രതിജ്ഞാ ചടങ്ങ്.