Photo: AFP

ഡാലസ്: ടി20 ലോകകപ്പില്‍ യു.എസിനോടേറ്റ തോല്‍വിക്കു പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെ വെട്ടിലാക്കി പന്തു ചുരണ്ടല്‍ ആരോപണവും. വ്യാഴാഴ്ച നടന്ന മത്സരത്തിനിടെ പാകിസ്താന്‍ പേസര്‍ ഹാരിസ് റൗഫ് പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറും നിലവില്‍ അമേരിക്കന്‍ ടീം അംഗവുമായ റസ്റ്റി തെറോണാണ് എക്‌സിലൂടെ ഹാരിസ് റൗഫിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഐ.സി.സിയെ ടാഗ് ചെയ്താണ് തെറോണ്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പുതിയ പന്തിന്റെ സീമില്‍ റൗഫ്, നഖം ഉപയോഗിച്ച് മാറ്റംവരുത്താന്‍ ശ്രമിച്ചെന്നാണ് തെറോണ്‍ ആരോപിക്കുന്നത്. കൂടുതല്‍ സ്വിങ് ലഭിക്കാനാണിത്. വിരലുപയോഗിച്ച് റൗഫ് പുതിയ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്നത് വ്യക്തമായിരുന്നെന്നും തെറോണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വിഷയത്തില്‍ യു.എസ്. ടീം ഔദ്യോഗികമായി ഐ.സി.സിക്ക് പരാതിയൊന്നും ഇതുവരെ നല്‍കിയിട്ടില്ല. റൗഫ് പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമില്ല. ഇതോടെ തെറോണിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഐ.സി.സി. റൗഫിനെതിരേ അന്വേഷണത്തിനോ നടപടികള്‍ക്കോ മുതിര്‍ന്നേക്കില്ല.

യു.എസിനെതിരേ തിളങ്ങാന്‍ റൗഫിന് സാധിച്ചിരുന്നില്ല. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ താരം 37 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.