പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍: വനംവകുപ്പ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരേ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. ചാലക്കുടി വനം ഡിവിഷനിലെ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് മുപ്ലിയം ഫോറസ്റ്റ് സ്‌റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ്കുമാറിനെതിരേ പോലീസ് കേസെടുത്തത്.

രണ്ടുതവണ ഉദ്യോഗസ്ഥനില്‍നിന്ന് അതിക്രമം നേരിട്ടതായാണ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നത്. 2023 ഓഗസ്റ്റ് 11-നും 2024 ഫെബ്രുവരി 21-നുമായിരുന്നു സംഭവം.

ഉദ്യോഗസ്ഥന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്‌റ്റേഷനിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.