പ്രതീകാത്മക ചിത്രം | Photo: ANI

നാരായണ്‍പുര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഏഴ് മാവോവാദികളെ വധിച്ചു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓര്‍ച്ച മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ, സംസ്ഥാനത്ത് ഈവര്‍ഷം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 125 ആയി.

വൈകീട്ട് മൂന്നുമണിയോടെ ഒര്‍ച്ച പ്രദേശത്തെ ഗ്രാമവനത്തില്‍വെച്ചായിരുന്നു സായുധ പോരാട്ടം. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായെത്തിയതായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. യൂണിഫോം ധരിച്ച നിലയിലായിരുന്നു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍. മഇവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്തുനിന്ന് ചില ആയുധങ്ങളും കണ്ടെത്തി. അതിനിടെ വെടിവയ്പ്പില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു.

ഛത്തീസ്ഗഢില്‍ ഈവര്‍ഷംമാത്രം 125 മാവോയിസ്റ്റുകളാണ് വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്.