1.കങ്കണയെ അടിച്ച സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ കുൽവിന്ദർ കൗർ, 2. കങ്കണ റണൗത്ത്

വിമാനത്താവളത്തില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണെന്ന് പഞ്ചാബ് ബി.ജെ.പി. അധ്യക്ഷന്‍ സുനില്‍ ജാഖര്‍ പറഞ്ഞു

ബഠിംഡ (പഞ്ചാബ്): നടിയും ബി.ജെ.പി. എം.പിയുമായ കങ്കണ റണൗത്തിന്റെ മുഖത്തടിച്ച സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിന് പിന്തുണയേറുന്നു. നിരവധി വ്യക്തികളും സംഘടനകളും കുല്‍വിന്ദറിനെ പിന്തുണച്ച് രംഗത്തെത്തി. കുല്‍വിന്ദറിനെതിരെ കേസെടുത്ത സാഹചര്യത്തില്‍ അവരെ അറസ്റ്റ് ചെയ്യുകയോ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയോ ചെയ്താല്‍ സൗജന്യ നിയമസഹായം നല്‍കാമെന്ന വാഗ്ദാനവും ചിലര്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 341 വകുപ്പുകള്‍ പ്രകാരമാണ് കുല്‍വിന്ദറിനെതിരെ കേസെടുത്തത്. രണ്ടും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ചണ്ഡീഗഢ് വിമാനത്താവളത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് നിലവില്‍ പോലീസ്. സി.ഐ.എസ്.എഫിന്റെ പരാതിയില്‍ കേസെടുത്തുവെന്നും കൂടുതല്‍ നടപടികളുണ്ടാകുമെന്നും മൊഹാലി എസ്.എസ്.പി. സന്ദീപ് ഗര്‍ഗ് പറഞ്ഞു.

അതേസമയം തന്റെ വൈകാരികമായ പ്രവൃത്തിയില്‍ കുല്‍വിന്ദര്‍ കൗര്‍ മാപ്പുപറഞ്ഞുവെന്ന് സി.ഐ.എസ്.എഫ്. ഡി.ഐ.ജി. വിജയ് കജ്‌ലയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളെ കുറിച്ച് മുമ്പ് കങ്കണ നടത്തിയ പരാമര്‍ശമാണ് കുല്‍വിന്ദര്‍ കൗറിനെ പ്രകോപിപ്പിച്ചത്. കര്‍ഷകകുടുംബത്തില്‍ നിന്നുള്ള കുല്‍വിന്ദറിന്റെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ കര്‍ഷകസമരത്തില്‍ പങ്കെടുത്തിരുന്നു.

വകുപ്പുതല അന്വേഷണത്തിനുശേഷം ഉചിതമായ നടപടി ഇവര്‍ക്കെതിരെ ഉണ്ടാകുമെന്നാണ് സി.ഐ.എസ്.എഫ്. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുല്‍വിന്ദറിന്റെ ഭര്‍ത്താവും സി.ഐ.എസ്.എഫിലാണ് ജോലി ചെയ്യുന്നത്. ഡോഗ് സ്‌ക്വാഡിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

കങ്കണ റണൗത്തിന്റെ കര്‍ഷകസമരത്തിനെതിരായ പരാമര്‍ശത്തിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത 82-കാരന്‍ മൊഹിന്ദര്‍ കൗറും കുല്‍വിന്ദറിന് പിന്തുണയറിയിച്ചു. ‘എങ്ങനെ സംസാരിക്കണമെന്നതിനെ കുറിച്ച് കങ്കണയ്ക്ക് യാതൊരു ബോധവുമില്ല. എം.പിയായി തിരഞ്ഞെടുരക്കപ്പെട്ടതിനാല്‍ അവര്‍ മര്യാദയുള്ളവരായിരിക്കണം. പഞ്ചാബികളെ ഭീകരവാദികളെന്ന് ചാപ്പകുത്താനാണ് അവര്‍ ശ്രമിച്ചത്. ഞങ്ങള്‍ക്കെതിരെ ആക്ഷേപകരമായ വാക്കുകളാണ് അവര്‍ ചൊരിഞ്ഞത്.’ -മൊഹിന്ദര്‍ കൗര്‍ പറഞ്ഞു.

അതേസമയം വിമാനത്താവളത്തില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണെന്ന് പഞ്ചാബ് ബി.ജെ.പി. അധ്യക്ഷന്‍ സുനില്‍ ജാഖര്‍ പറഞ്ഞു.