Photo | PTI

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ഗ്രൂപ്പ് എ യില്‍ അയര്‍ലന്‍ഡിനെതിരേ വിജയം കുറിച്ച് കാനഡ. 12 റണ്‍സിനാണ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാനഡ, നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. അയര്‍ലന്‍ഡിന്റെ മറുപടി പക്ഷേ, നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സില്‍ അവസാനിച്ചു.

35 പന്തില്‍ 49 റണ്‍സ് നേടിയ നിക്കോളാസ് കിര്‍ട്ടണാണ് കാനഡ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. വിക്കറ്റ് കീപ്പര്‍ ശ്രേയസ് മൊവ്വ (37), പര്‍ഗത് സിങ് (18), ആരോണ്‍ ജോണ്‍സണ്‍ (14) എന്നിവരും രണ്ടക്കം കടന്നു. അയര്‍ലന്‍ഡിനായി ക്രെയിഗ് യങ്, ബാരി മക്കാര്‍ത്തി എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി.

24 പന്തില്‍ 34 റണ്‍സെടുത്ത മാര്‍ക്ക് അദയ്‌റാണ് അയര്‍ലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. ജോര്‍ജ് ഡക്രല്‍ (30), ആന്‍ഡ്രൂ ബല്‍ബിരിനി (17), വിക്കറ്റ് കീപ്പര്‍ ലോര്‍സന്‍ ടക്കര്‍ (10) എന്നിവര്‍ മാത്രം രണ്ടക്കം കടന്നു. കാനഡയ്ക്കായി ജെറിമി ഗൊര്‍ദോന്‍, ഡില്ലോണ്‍ ഹിലിഗര്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുവീഴ്ത്തി.