ചിത്രത്തിൻ്റെ പോസ്റ്റർ
സോഷ്യൽ മീഡിയയിൽ തരംഗമായി അമൽ നീരദ് ചിത്രത്തിൻ്റെ അനൗൺസ്മെന്റ്. രാവിലെ കുഞ്ചാക്കോ ബോബന്റെയും ഫഹദിന്റേയും ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നതിനുപിന്നാലെ ഇപ്പോൾ അടുത്ത അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ജ്യോതിർമയിയുടെ പോസ്റ്ററാണ് ഇപ്പോൾ റിലീസായത്. തികഞ്ഞ സ്റ്റൈലിഷ് ആക്ഷൻചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് ശനിയാഴ്ച രാവിലെ പുറത്തുവന്ന പോസ്റ്ററുകളും നൽകുന്ന സൂചന.
അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പേരോ മറ്റുതാരങ്ങളാരെന്നോ അണിയറപ്രവർത്തകർ ആരെല്ലാമാണെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച തന്റെ പുതിയ ചിത്രത്തേക്കുറിച്ച് ഒരു അപ്ഡേറ്റ് ഉണ്ടാവുമെന്ന് ഒരു മിനിമൽ പോസ്റ്ററിലൂടെ അമൽ നീരദ് അറിയിച്ചിരുന്നു. ഈ പോസ്റ്റർ കുഞ്ചാക്കോ ബോബനും പങ്കുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണിപ്പോൾ കുഞ്ചാക്കോ ബോബന്റെയും ഫഹദിന്റെയും ജ്യോതിർമയിയുടേയും വ്യത്യസ്തമായ ഗെറ്റപ്പിലുള്ള കാരക്റ്റർ പോസ്റ്ററുകൾ പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടി നായകനായി 2022-ൽ പുറത്തിറങ്ങിയ ഭീഷ്മ പർവമാണ് അമൽ നീരദിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
