സുരേഷ് ഗോപി

തൃശ്ശൂർ: കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തുമെന്ന് നിയുക്ത എം.പി. സുരേഷ് ​ഗോപി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റയുമായി ഇക്കാര്യം സംസാരിക്കുന്നുണ്ടെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

മുമ്പത്തെ എം.ഡി. മുഹമ്മദ് ഹനീഷുമായും ഇതേ കാര്യം സംസാരിച്ചിരുന്നു. ഈ സമയത്താണ് തന്നെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാൻ ശ്രമിച്ചത്. എന്നാല്‍, ഇവിടുത്തെ ചില ആളുകള്‍ അത് ചാണകമായി മാറുമെന്ന് പറഞ്ഞു. ഇനി ഇപ്പോ അവര് പാര്‍ലമെന്റില്‍ ഈ ചാണകത്തെ സഹിക്കട്ടെ.

തൃശ്ശൂർ പൂരം നടത്തുന്നതിന് പുതിയ മാർ​ഗനിർദേശങ്ങളുണ്ടാകും. ഈ കമ്മിഷണറേയും കളക്ടറേയും മാറ്റാൻ അനുവദിക്കരുത്. അവരെ നിലനിർത്തി പൂരം നടത്തും. ജനങ്ങളുടെ ആരാധന, ആസ്വാദന അവകാശങ്ങളിൽ അന്ന് വീണ മാലിന്യം ശുദ്ധീകരിക്കും. ഇക്കാര്യം കളക്ടറോടും പറഞ്ഞിട്ടുണ്ട്. ഇത് എം.പി.യെന്ന നിലയിൽ പല വകുപ്പുകളിലുള്ള കാര്യം ചെയ്യാൻ കഴിയും.

തൃശ്ശൂരുകാർ തന്നെ തിരഞ്ഞെടുത്താൽ മണ്ഡലത്തിൽ ഒതുങ്ങി നിൽക്കില്ലെന്ന് നേരത്തെ പറഞ്ഞതാണ്. കേരളത്തിനു പുറമെ തമിഴ്നാട്ടിലും പ്രവർത്തിക്കും. തന്നേക്കാൾ മികച്ച ആൺകുട്ടികളുണ്ട് കർണാടകത്തിൽ. മണ്ണുത്തിയിൽ നിന്ന് ചങ്ങരംകുളം അല്ലെങ്കിൽ പൊന്നാനി റൂട്ടിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ക്രോസ് കട്ട് റോഡ് എന്നത് സ്വപ്നപദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.