ഒലിവിയ സി (പോർച്ചുഗൽ), സാറാ ശതാവരി (ഇന്ത്യ), ലാലിന (ഫ്രാൻസ്) | Photo: Instagram
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉയര്‍ത്തുന്ന ഭീഷണികള്‍ നിലനില്‍ക്കെത്തന്നെ, അതിന്റെ വിവിധ മേഖലയിലുള്ള പ്രായോഗിക സാധ്യതകള്‍ ഇതിനകം പരീക്ഷിച്ചുകഴിഞ്ഞിട്ടുണ്ട്. ഫാഷന്‍, സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സിങ് തുടങ്ങിയ മേഖലകളില്‍ ഉപയോഗത്തിലുള്ള പൂര്‍ണമായും എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മിച്ചെടുത്ത എഐ വിര്‍ച്വല്‍ മോഡലുകള്‍ അതിന് ഉദാഹരണമാണ്.
ഓരോ മേഖലയിലും പ്രമുഖരായ എഐ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, സുന്ദരികള്‍
യഥാര്‍ത്ഥ ലോകത്തെ പലവിധ പ്രശ്‌നങ്ങളെയും സംസ്‌കാരങ്ങളെയും വിനോദം ഫാഷന്‍ ഉള്‍പ്പടെയുള്ളവയെയും പ്രതിനിധീകരിക്കുന്നവരാണ് എഐ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍. ആളുകള്‍ അവരെ പിന്തുടരുന്നതിനുള്ള കാരണവും അതു തന്നെ. തീര്‍ത്തും സാങ്കല്‍പ്പിക ലോകത്ത് നിന്നുള്ള ഈ കഥാപാത്രങ്ങള്‍ക്ക് പല രീതിയില്‍ യഥാര്‍ത്ഥ ലോകത്തെ സ്വാധീനിക്കാനാകുന്നുണ്ട്.
അത് തിരിച്ചറിഞ്ഞാണ് കഴിഞ്ഞ മാസം വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ഡ്‌സ്, മിസ് എഐ സൗന്ദര്യ മത്സരം പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇന്‍ഫ്ളുവന്‍സര്‍മാരേയും തിരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന ‘മിസ് എഐ’ സൗന്ദര്യ മത്സരത്തിലെ അന്തിമ മത്സരാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.
ലോകമെമ്പാടുമുള്ള എഐ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നല്‍കിയ 1500 അപേക്ഷാര്‍ഥികളില്‍ നിന്നാണ് മനുഷ്യരും എഐ ഇന്‍ഫ്‌ളുവന്‍സര്‍മാരും അടങ്ങുന്ന പാനല്‍ അന്തിമ മത്സരാര്‍ഥികളായി പത്ത് പേരെ തിരഞ്ഞെടുത്തത്. ഇന്ത്യ, ഫ്രാന്‍സ്, ബംഗ്ലാദേശ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എഐ നിര്‍മിത മോഡലുകള്‍ ഇക്കൂട്ടത്തിലുണ്ട്.
യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന സൗന്ദര്യ രൂപങ്ങളാണ് എഐ മോഡലുകള്‍. യഥാര്‍ത്ഥ മനുഷ്യരില്‍ കാണാത്ത അഴകളവുകളാണ് അവര്‍ക്ക് എഐ നല്‍കുന്നത്. അയാഥാര്‍ഥ്യമായ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ഇത്തരം എഐ മോഡലുകള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനവുമുണ്ട്. ചിലര്‍ അതീവ ഗ്ലാമറസ് ലുക്കില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ചിലര്‍ ഹിജാബും സാരിയുമെല്ലാം ധരിച്ച് ഓരോ സമൂഹത്തിന്റേയും പ്രതിനിധികളാവുന്നു.

Photo: Instagram/kenza.layli
- കെന്‍സ ലയാലി (മൊറോക്കോ)
192000 സോഷ്യല്‍ മീഡിയാ ഫോളോവര്‍മാരുള്ള കെന്‍സ ലയാലി മോറോക്കോയെയും മധ്യേഷ്യയേയും പ്രതിനിധീകരിക്കുന്ന എഐ മോഡലാണ്. ഹിജാബ് വേഷധാരിയായ കെന്‍സ വനിതാശാക്തീരണ സന്ദേശങ്ങളാണ് പങ്കുവെക്കാറ്.

Photo: Instagram/ailyalou
- ഐല്യ ലോ (ബ്രസീല്‍)
ബ്രസീലിനെയും ആഫ്രിക്കയേയും ഏഷ്യയേയും പ്രതിനിധീകരിക്കുന്ന എഐ മോഡലാണ് ഐല്യ ലോ. ഒരു ഫാഷന്‍ മോഡലാണ് ഐല്യ. 10000 ല്‍ ഏറെ ഫോളോവര്‍മാരുണ്ട് ഐല്യക്ക്.

- ഒലിവിയ സി (പോര്‍ച്ചുഗല്‍)
10000 ല്‍ ഏറെ ഫോളോവര്‍മാരുള്ള ഇന്‍ഫ്‌ളുവന്‍സറാണ് ഒലിവിയ. സ്വതന്ത്രമായി ലോകം ചുറ്റുന്ന ഒരു യാത്രികയായാണ് ഒലിവിയ തന്നെ അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങളെല്ലാം തന്നെ അത്തരത്തിലുള്ളതാണ്. സ്വന്തം ചിത്രങ്ങള്‍ക്കൊപ്പം സഞ്ചരിച്ച നാടുകളുടെയും സ്ഥലങ്ങളുടെയും ചിത്രങ്ങള്‍ ഒലിവിയ പങ്കുവെക്കാറുണ്ട്. എഐ സോഫ്റ്റ് വെയറായ മിഡ്‌ജേണിയും അഡോബിയുടെ എഐ ഉല്പന്നങ്ങളും ഉപയോഗിച്ചാണ് ഒലിവിയയെ നിര്‍മിച്ചെടുത്തത്.

Photo: https://www.instagram.com/annekerdi
- അന്ന കെര്‍ഡി (ഫ്രാന്‍സ്)
ഫ്രാന്‍സിന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ബ്രിട്ടനിയെ പ്രതിനിധീകരിക്കുന്ന എഐ മോഡലാണ് അന്ന കെര്‍ഡി. ബ്രിട്ടനിയിലെ ടൂറിസം, ചരിത്രം, സംസ്‌കാരം, പരിപാടികള്‍ ഉള്‍പ്പടെയുള്ളവ പ്രചരിപ്പിക്കുകയാണ് അന്ന. സമുദ്ര സംരക്ഷണത്തിനുള്ള കൂട്ടായ്മയായ ഒഷ്യനോപോളിസിന്റെ അംബാസിഡറായ അന്ന ജൂലായില്‍ ബ്രിട്ടനിയില്‍ നടക്കുന്ന ചിത്രകലാ പ്രദര്‍ശനമായ ആര്‍ സീസ് ആവെല്‍ കമ്മിറ്റിയിലെ അംഗവുമാണ്.

Photo: http://www.instagram.com/zarashatavari/
- സാറാ ശതാവരി (ഇന്ത്യ)
മിസ് എഐ സൗന്ദര്യ മത്സരത്തിലെ അന്തിമ മത്സരാര്‍ഥികളിലെ ഇന്ത്യന്‍ പ്രതിനിധിയാണ് സാറാ ശതാവരി. സ്ത്രീകളിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കുന്ന പ്രകൃതിദത്ത സപ്ലിമെന്റ് ഉല്പന്നമായ ഹെര്‍മോണ്‍സിന്റെ പ്രചാരണത്തിന് വേണ്ടിയാണ് സാറയെ നിര്‍മിച്ചത്. സാമൂഹിക ആരോഗ്യ രംഗം കേന്ദ്രീകരിച്ചാണ് സാറയുടെ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍.

Photo: http://www.instagram.com/aiyana_rainbow/
- ഐയാന റെയിന്‍ബോ (റൊമാനിയ)
എല്‍ജിബിടി വിഭാഗങ്ങളുടെ പ്രതിനിധിയാണ് ഐയാന. എല്ലാ തരത്തിലുമുള്ള സ്‌നേഹവും വൈവിദ്യവും പ്രോത്സാഹിപ്പിക്കുകയാണ് ഐയാന. എല്ലാവരേയും ഉള്‍ക്കൊള്ളുക, മനസിലാക്കുക, സമത്വം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും ഐയാനയുടെ നിലപാടുകളാണ്. എല്ലാവരുടേയും ശബ്ദം കേള്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഐയാന, എല്ലാവരോടുമുള്ള സമഭാവനയും ബഹുമാനവും പ്രോത്സാഹിപ്പിക്കുന്നു. ചാറ്റ് ജിപിടിയും ലിയൊനാര്‍ഡോ എഐയും ഉപയോഗിച്ചാണ് ഐയാനയെ നിര്‍മിച്ചത്.

Photo: /www.instagram.com/viva_lalina
- ലാലിന (ഫ്രാന്‍സ്)
ഫ്രാന്‍സിനെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ എഐ മോഡലാണ് ലാലിന. ഒരു യുവതിയുടെ യഥാര്‍ത്ഥ ചിത്രങ്ങളെ വെല്ലുന്ന ചിത്രങ്ങളാണ് ലാലിനയുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലുള്ളത്. അത്രത്തോളം കൃത്യതയോടെയാണ് അവ നിര്‍മിച്ചെടുത്തിരിക്കുന്നത്.

Photo: http://www.instagram.com/ai.serenay
- സെറീന്‍ ഐ (തുര്‍ക്കി)
തുര്‍ക്കിയിലെ ആദ്യ എഐ ബ്രാന്റ് അംബാസിഡറാണ് സെറീന്‍ ഐ. മൂന്ന് എഐ പ്രോഗ്രാമുകളുടെ സഹായത്തോടെയാണ് ക്രിയേറ്റര്‍മാര്‍ സെറീനിനെ നിര്‍മിച്ചെടുത്തത്. ഫാഷന്‍ മോഡലായും, സാമൂഹ്യ പ്രവര്‍ത്തകയായും, ഗായികയായും, പൈലറ്റായുമെല്ലാം സെറീന്‍ സോഷ്യല്‍ മീഡിയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നു.

Photo: http://www.instagram.com/aisenailik/
- അസെന ല്ലിക്ക (തുര്‍ക്കി)
തുര്‍ക്കിയില്‍ നിന്നുള്ള മറ്റൊരു എഐ മോഡലാണ് അസെന ല്ലിക്ക്. ഒരു വനിതയ്ക്ക് സാധിക്കുന്നതെന്തെല്ലാമോ അതെല്ലാം ചെയ്യുന്നൊരു കഥാപാത്രമാണ് അസെന. കായികതാരമായും, ബഹിരാകാശ യാത്രികയായും, കാര്‍ റേസര്‍, മോഡല്‍, സാഹസിക തുടങ്ങി ഒട്ടേറെ വേഷങ്ങളില്‍ അസെന സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Photo : http://www.instagram.com/elizavaloo
- എലിസ ഖാന്‍ (ബംഗ്ലാദേശ്)
ബംഗ്ലാദേശില്‍ നിന്നുള്ള എഐ ഇന്‍ഫ്‌ളുവന്‍സറാണ് എലിസ ഖാന്‍. ഒരു ഇന്ത്യന്‍, ബംഗ്ലാദേശി പാകിസ്താനി യുവതിയുടെ രൂപഭാവങ്ങളോടെയാണ് എലിസയെ ഒരുക്കിയിരിക്കുന്നത്. ഫാഷന്‍ മോഡലായും, ജെന്‍ സീ (Gen Z) സൗന്ദര്യ താല്‍പര്യങ്ങള്‍ക്കിണങ്ങിയുമുള്ള വേഷങ്ങളിലും സാരി ഉള്‍പ്പടെയുള്ള പരമ്പരാഗത വേഷങ്ങളിലും എലിസയെ കാണാം.
യഥാര്‍ത്ഥ മനുഷ്യരുടെ ചിത്രങ്ങളെ വെല്ലും വിധം അതീവ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയുമാണ് ഈ എഐ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഒലിവിയ സിയുടെ ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണാം. ഒലിവിയയുടെ മുഖത്തെ വളരെ ആഴത്തിലുള്ള വിശദാംശങ്ങള്‍ വരെ നിര്‍മിച്ചെടുക്കാന്‍ ക്രിയേറ്റര്‍മാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. മുഖത്തെ പാടുകളിലും പുരികത്തിന് താഴെ പ്ലക്ക് ചെയ്തതിന് ശേഷം വളര്‍ന്നുവരുന്ന മുടിനാരുകളിലും, കൃഷ്ണമണികളിലും ആ കൃത്യത പ്രകടമാണ്.
