Photo | AP
ഡാലസ്: ടി20 ലോകകപ്പ് ഗ്രൂപ്പ് എ യിലെ ആവേശമേറിയ മത്സരത്തില്‍ പാകിസ്താനെതിരേ അട്ടിമറി ജയവുമായി ആതിഥേയരായ യു.എസ്.എ. സൂപ്പര്‍ ഓവറാണ് വിധി നിര്‍ണയിച്ചത്. നിശ്ചിത 20 ഓവറില്‍ ഇരുടീമും 159 റണ്‍സെടുത്തപ്പോള്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറിലെ തന്ത്രപരമായ നീക്കങ്ങളാണ് യു.എസിനെ ജയിപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അത്രതന്നെ റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റുകള്‍ കൈയില്‍നില്‍ക്കേ, 24 പന്തില്‍ 34 റണ്‍സ് മാത്രമെടുത്താല്‍ വിജയിക്കാമായിരുന്ന കളിയാണ് യു.എസ്. സമനിലയിലേക്ക് എത്തിച്ചത്. 17, 18, 19 ഓവറുകളെറിഞ്ഞ നസീം ഷാ, ഷഹീന്‍ അഫ്രീദി, ആമിര്‍ എന്നിവര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചതാണ് കളിയെ പിരിമുറുക്കത്തിലേക്ക് നയിച്ചത്.
അതോടെ അവസാന ഓവറില്‍ യു.എസിന് ജയിക്കാന്‍ വേണ്ടിവന്നത് 15 റണ്‍സ്. ക്രീസിലുണ്ടായിരുന്ന നിതീഷ് കുമാറും ആരോണ്‍ ജോണ്‍സും ചേര്‍ന്ന് 14 റണ്‍സെടുത്ത് സമനിലയിലെത്തിച്ചതോടെ കളി സൂപ്പര്‍ ഓവറിലേക്ക്. യു.എസ്. ആണ് ആദ്യം ബാറ്റുചെയ്തത്. ആമിറായിരുന്നു ബൗളര്‍. ആദ്യ പന്തില്‍ത്തന്നെ ആരോണ്‍ ജോണ്‍സ് വക ബൗണ്ടറി. തുടര്‍ന്ന് ഡബിള്‍, സിംഗിള്‍. ഹര്‍മീത് സിങ് നേരിട്ട അടുത്ത പന്ത് വൈഡായി. ഒരു റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. നാലാം പന്തില്‍ സിംഗിള്‍. അടുത്ത പന്ത് വീണ്ടും വൈഡ്. അതിലും ഒരു റണ്‍ ഓടിയെടുത്തു. അഞ്ചാം പന്തില്‍ ജോണ്‍സ് രണ്ട് റണ്‍സ് നേടി. അടുത്ത പന്തും ആമിര്‍ വൈഡെറിഞ്ഞു. ഇത്തവണ ഓടിയെടുത്തത് രണ്ട് റണ്‍സ്. പാകിസ്താന്റെ ഫീല്‍ഡിങ്ങിലെ പിഴവ് മുതലെടുത്തായിരുന്നു ഈ നീക്കം. ആറാം പന്തില്‍ ഒരു റണ്ണുമെടുത്തു. ഡബിളിന് ശ്രമിക്കവേ ജോണ്‍സ് റണ്ണൗട്ടായി. ഇതോടെ സൂപ്പര്‍ ഓവറില്‍ യു.എസ്.-18/1.
പാകിസ്താനുവേണ്ടിയെത്തിയത് ഇഫ്തിഖാര്‍ അഹ്‌മദും ഫഖര്‍ സമാനും. ബൗളര്‍ നേത്രവാള്‍ക്കര്‍. ആദ്യ പന്ത് ഇഫ്തിഖാറിന് തൊടാനായില്ല. അടുത്തത് ഫോര്‍. അടുത്തത് വൈഡ്. മൂന്നാമത്തേതില്‍ ഇഫ്തിഖാര്‍ ഔട്ട്. മിലിന്ദ് കുമാറിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. തുടര്‍ന്ന് ഷദബ് ഖാനെത്തി. അടുത്ത പന്തും വൈഡ്. നാലാമത്തേതില്‍ ഷദബ് വക ബൗണ്ടറി. അഞ്ചാം പന്തില്‍ ഡബിളും ആറാം പന്തില്‍ സിംഗിളും മാത്രമെടുക്കാന്‍ കഴിഞ്ഞതോടെ മത്സരത്തില്‍ പാകിസ്താന്‍ തോറ്റു. സ്‌കോര്‍ 13/1. ഇതോടെ യു.എസിന് അഞ്ച് റണ്‍സ് ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ്. നിശ്ചിത ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ അത്രതന്നെ നേടി.
38 പന്തില്‍ 50 റണ്‍സ് നേടി തിളങ്ങിയ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലാണ് യു.എസ്. ജയം എളുപ്പമാക്കിയത്. ഒരു സിക്‌സും ഏഴ് ബൗണ്ടറിയും പട്ടേലിന്റെ ബാറ്റില്‍നിന്ന് പിറന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം നേടിയ 44 റണ്‍സാണ് (43 പന്തില്‍) പാകിസ്താന്റെ വ്യക്തിഗത ടോപ് സ്‌കോര്‍. യു.എസ്. താരം നോസ്തുഷ് കെന്‍ജിഗെ പാകിസ്താന്റെ മൂന്ന് വിക്കറ്റുകള്‍ പിഴുതു.
യു.എസ്.എ.യ്ക്കുവേണ്ടി ആന്‍ഡ്രീസ് ഗൗസ് (26 പന്തില്‍ 35), ആരോണ്‍ ജോണ്‍സ് (26 പന്തില്‍ 36), നിതീഷ് കുമാര്‍ (14 പന്തില്‍ 14) എന്നിവരും തിളങ്ങി. ഓപ്പണര്‍ സ്റ്റീവന്‍ ടെയ്‌ലര്‍ 16 പന്തില്‍ 12 റണ്‍സ് നേടി പുറത്തായി. പിന്നീട് രണ്ടാം വിക്കറ്റില്‍ മൊണാങ്ക് പട്ടേലും ആന്‍ഡ്രീസ് ഗൗസും ചേര്‍ന്ന് 68 റണ്‍സ് നേടിയതോടെ പാകിസ്താന് പിടിച്ചുനില്‍ക്കാനായില്ല. പാകിസ്താനുവേണ്ടി മുഹമ്മദ് ആമിര്‍, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തേ മൂന്നു വിക്കറ്റ് വീഴ്ത്തിയ നോസ്തുഷ് കെന്‍ജിഗെയും രണ്ടു വിക്കറ്റെടുത്ത സൗരഭ് നേത്രാവാള്‍ക്കറുമാണ് പാക് ബാറ്റിങ്നിരയെ വെള്ളംകുടിപ്പിച്ചത്. പാകിസ്താനെ വിറപ്പിച്ചായിരുന്നു യു.എസിന്റെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് റിസ്വാന്‍ (9), മൂന്നാം ഓവറില്‍ ഉസ്മാന്‍ ഖാന്‍ (3) എന്നിവരെ മടക്കിയ യുഎസ് അഞ്ചാം ഓവറില്‍ ഫഖര്‍ സമാനെയും (11) പുറത്താക്കിയതോടെ പാകിസ്താന്‍ അക്ഷരാര്‍ഥത്തില്‍ വിറച്ചു.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ബാബര്‍ അസം – ഷദാബ് ഖാന്‍ സഖ്യമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. 25 പന്തില്‍ നിന്ന് മൂന്നു സിക്സും ഒരു ഫോറുമടക്കം ഷദാബ് നടത്തിയ കടന്നാക്രമണമാണ് പാക് സ്‌കോര്‍ ചലിപ്പിച്ചത്. 13-ാം ഓവറില്‍ നോസ്തുഷ് കെന്‍ജിഗെയുടെ പന്തില്‍ പുറത്താകും മുമ്പ് ബാബറിനൊപ്പം ഷദാബ് 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. തൊട്ടടുത്ത പന്തില്‍ തന്നെ മുന്‍താരം മോയിന്‍ ഖാന്റെ മകന്‍ അസം ഖാനെയും (0) കെന്‍ജിഗെ മടക്കിയതോടെ പാകിസ്താന്‍ അഞ്ചിന് 98 റണ്‍സെന്ന നിലയിലായി.
ബാബറിനും പിന്നീട് ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. 43 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 44 റണ്‍സെടുത്ത താരത്തെ ജസ്ദീപ് സിങ് പുറത്താക്കുകയായിരുന്നു.
ഇഫ്തിഖര്‍ അഹമ്മദ് 14 പന്തില്‍ നിന്ന് 18 റണ്‍സെടുത്തു. 16 പന്തില്‍ നിന്ന് 23 റണ്‍സുമായി പുറത്താകാതെ നിന്ന ഷഹീന്‍ അഫ്രീദിയുടെ ബാറ്റിങ്ങാണ് സ്‌കോര്‍ 150 കടത്തിയത്.
