Screengrab Courtesy: x.com/ssarath

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രോണിക്‌സ് സിറ്റിയില്‍ നടന്ന നിശാപ്പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ തെലുഗു നടി ഹേമയെ ബെംഗളൂരു കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബെംഗളൂരു സി.സി.ബി. പോലീസ് ചൊവ്വാഴ്ചയാണ് ഹേമയെ അറസ്റ്റുചെയ്തത്.

പോലീസ് നല്‍കിയ നോട്ടീസ് പ്രകാരം ഇവര്‍ പോലീസിനുമുന്നില്‍ ഹാജരായതായിരുന്നു. ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഹേമ കോടതിയില്‍നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നിശാപ്പാര്‍ട്ടിയില്‍ കേക്ക്മുറിക്കല്‍ ചടങ്ങ് കഴിഞ്ഞതോടെ താന്‍ ഹൈദരാബാദിലേക്ക് മടങ്ങിയതാണെന്നും പറഞ്ഞു.

ഇലക്ട്രോണിക്‌സ് സിറ്റിയിലെ ജി.ആര്‍. ഫാം ഹൗസില്‍ മേയ് 19-ന് രാത്രിയാണ് പാര്‍ട്ടിനടത്തിയത്. ജന്മദിനാഘോഷം എന്നുപറഞ്ഞ് ഹൈദരാബാദ് സ്വദേശി വാസുവാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പുലര്‍ച്ചെ മൂന്നോടെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസിന്റെ നര്‍കോട്ടിക്‌സ് വിഭാഗം നടത്തിയ റെയ്ഡില്‍ 17 എം.ഡി.എം.എ. ഗുളികകളും കൊക്കെയ്നും പിടിച്ചെടുത്തിരുന്നു.

സംഭവത്തില്‍ അഞ്ചുപേരാണ് അറസ്റ്റിലായത്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ രക്തസാംപിള്‍ പരിശോധനയില്‍ ഹേമ ഉള്‍പ്പെടെ 86 പേര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതേ തുടർന്നായിരുന്നു ഹേമയുടെ അറസ്റ്റും തുടർന്ന് ജയിലിലേക്ക് അയച്ചതും.