1.യുൻതായ് വെള്ളച്ചാട്ടം, 2.മുകളിൽ പൈപ്പിട്ട് വെള്ളമെത്തിക്കുന്നു
ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമെന്ന് ചൈന അവകാശപ്പെട്ടിരുന്ന യുന്‍തായ് വെള്ളച്ചാട്ടം കൃത്രിമമെന്ന് റിപ്പോര്‍ട്ട്. യുന്‍തായി മലമുകളില്‍ കയറിയ ഒരു സഞ്ചാരിയാണ് ഇക്കാര്യം കണ്ടെത്തിയത്. പാറ തുരന്ന് നിര്‍മ്മിച്ച പൈപ്പിന്റെ ഒരു ഭാഗം പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീഡിയോ ഇദ്ദേഹം പുറത്തുവിട്ടതോടെ ഇത് വന്‍ വൈറലായി മാറി. ഇതോടെ ഈ വെള്ളച്ചാട്ടം നിര്‍ക്കുന്ന സീനിക് പാര്‍ക്ക് നടത്തിപ്പുകാര്‍ ഇക്കാര്യം സമ്മതിച്ചു.
ഫീനിക്‌സ് ടിവിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോയിലാണ് വെള്ളച്ചാട്ടം കൃത്രിമമാണെന്ന് വ്യക്തമാക്കുന്നത്. താഴെയുള്ള കുഴിയില്‍ നിന്നും വെള്ളം വലിയ പൈപ്പ് വഴി കുന്നിന്‍ മുകളിലെത്തിച്ച് അവിടെ നിന്ന് വീണ്ടും താഴേക്ക് തുറന്ന് വിടുകയാണ് ചെയ്യുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
വേനല്‍ക്കാലമായതിനാല്‍ സഞ്ചാരികളെ നിരാശപ്പെടുത്തണ്ടല്ലോ എന്ന് കരുതിയാണ് പൈപ്പിട്ട് വെള്ളമെത്തിച്ചതെന്നാണ് പാര്‍ക്ക് അധികൃതരുടെ വിശദീകരണം.യുന്‍തായ് മലനിരകളുടെ ഭംഗി കാത്തുസൂക്ഷിക്കുന്നതില്‍ വെള്ളച്ചാട്ടത്തിനുള്ള പങ്കുകൂടി കണക്കിലെടുത്താണ് ചെറിയൊരു കൃത്രിമം കാണിച്ചതെന്നും ഇവര്‍ പറഞ്ഞു. യുനെസ്‌കോ ഗ്ലോബല്‍ ജിയോപാര്‍ക്കായി ആഗോളതലത്തില്‍ തെരഞ്ഞെടുത്ത 213 പാര്‍ക്കുകളില്‍ ഒന്നാണ് ഈ വെള്ളച്ചാട്ടം ഉള്‍പ്പെടുന്ന പ്രദേശം.
എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം വിദേശികള്‍ ഉള്‍പ്പടെ 70 ലക്ഷം സഞ്ചാരികളാണ് ഇവിടെ സന്ദര്‍ശിച്ചത്. ഇവരെയെല്ലാം പാര്‍ക്ക് അധികൃതര്‍ വിഡ്ഢികളാക്കുകയായിരുന്നു എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം. ഏഷ്യയിലെ ഏറ്റവും ഉയരത്തില്‍ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടമെന്ന് അവകാശപ്പെട്ടാണ് ചൈനീസ് അധികൃതര്‍ ഇവിടുത്തെ ടൂറിസം പ്രോത്സാഹിപ്പിച്ചിരുന്നത്. അത് വിശ്വസിച്ച് ഇവിടെയെത്തിയ സഞ്ചാരികളാണ് 340 മീറ്റര്‍ ഉയരത്തില്‍ നിന്ന് പൈപ്പില്‍ വെള്ളമടിക്കുന്നത് കണ്ട് മടങ്ങിയിരുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
ചൈനയിലെ സാമൂഹിക മാധ്യമങ്ങളിലാണ് ആദ്യം ഈ വീഡിയോ പ്രചരിച്ചത്. പിന്നീട് ചൈനയ്ക്ക് പുറത്തും പ്രചരിച്ചു. തട്ടിപ്പാണെങ്കിലും കുറച്ച് പ്രൊഫഷണലായി ചെയ്യാമെന്നായിരുന്നു ഇതില്‍ ഒരാളിട്ട കമന്റ്. അതേസമയം ചിലര്‍ അനുകൂലിച്ചും കമന്റ് ചെയ്തിട്ടുണ്ട്. എന്തായാലും രാജ്യത്തേക്ക് പരമാവധി വിദേശ വിനോദസഞ്ചാരികളെ എത്തിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് വലിയ തിരിച്ചടിയാകുന്നതാണ് ഈ വീഡിയോ എന്നാണ് ടൂറിസം വിദഗ്ധരുടെ അഭിപ്രായം.
