എൻ.ഡി.എയുടെ പാർലമെന്ററി പാർട്ടി നേതാവായ നരേന്ദ്ര മോദി മുന്നണി യോഗത്തിൽ നേതാക്കളെ വണങ്ങുന്നു | Photo: Press Trust of India
ന്യൂഡല്‍ഹി: കേരളത്തെ പ്രശംസിച്ച് എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നരേന്ദ്രമോദി. കേന്ദ്രസര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
കേരളത്തിലെ എന്‍.ഡി.എയുടെ വിജയം എടുത്തുപറഞ്ഞായിരുന്നു നരേന്ദ്രമോദിയുടെ പ്രശംസ. കേരളത്തില്‍ ബി.ജെ.പിയുടെ ഒരുപാട് പ്രവര്‍ത്തകര്‍ ബലിദാനികളായിട്ടുണ്ടെന്നും കേരളത്തില്‍നിന്ന് ലോക്‌സഭയിലേക്ക് നമ്മുടെ പ്രതിനിധി വിജയിച്ചുവെന്നും മോദി പറഞ്ഞു. ഭരണഘടനയെ വണങ്ങിക്കൊണ്ട് പ്രസംഗം ആരംഭിച്ച മോദി ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പറഞ്ഞു.
‘നിങ്ങള്‍ നല്‍കിയ പുതിയ ഉത്തരവാദിത്വത്തില്‍ താന്‍ വളരെ നന്ദിയുള്ളവനാണ്. 2019-ല്‍ സമാനമായ അവസരത്തിലും താന്‍ സംസാരിച്ചത് വിശ്വാസത്തെക്കുറിച്ചാണ്. ഇതേ വിശ്വാസത്തെക്കുറിച്ചാണ് ഇപ്പോഴും സംസാരിക്കുന്നത്.പാര്‍ലമെന്റില്‍ എല്ലാ പാര്‍ട്ടികളുടേയും നേതാക്കള്‍ തുല്യരാണ്. അതിനാലാണ് കഴിഞ്ഞ 30 വര്‍ഷമായി എന്‍.ഡി.എ. സഖ്യം ശക്തമായി മുന്നോട്ടുപോകുന്നത്’, മോദി പറഞ്ഞു.
‘ജൂണ്‍ നാലിന് ഫലം വരുമ്പോള്‍ ജോലിത്തിരക്കിലായിരുന്നു. പിന്നീട് വിളിച്ചവരോട് വോട്ടെണ്ണല്‍ യന്ത്രം ജീവനയോടെയുണ്ടോ എന്നാണ് ചോദിച്ചത്. ഇന്ത്യയുടെ ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലും ജനങ്ങള്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നു. അവര്‍ തുടര്‍ച്ചയായി ഇ.വി.എമ്മിനെതിരേ സംസാരിച്ചുകൊണ്ടിരുന്നു. ജൂണ്‍ നാലിന് ഇതെല്ലാം അവസാനിച്ചു. അഞ്ച് വര്‍ഷത്തേക്ക് ഇ.വി.എമ്മിനെക്കുറിച്ച് കേള്‍ക്കേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുന്നു’, പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.
