1.കങ്കണ റണൗത്ത്, 2. കുൽവിന്ദർ കൗർ, 3. കർഷകസമരത്തിൽ നിന്നുള്ള ദൃശ്യം | Photos: 1. PTI, 2. facebook.com/profile.php?id=100002084970557, 3. ANI

അമൃത്സര്‍ (പഞ്ചാബ്): ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി. എം.പിയും നടിയുമായ കങ്കണ റണൗത്തിനെ വിമാനത്താവളത്തില്‍ വെച്ച് കരണത്തടിച്ച സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിന് പിന്തുണയുമായി കര്‍ഷക സംഘടനകള്‍. അവര്‍ ചെയ്തതിനെ ന്യായീകരിക്കുന്നില്ലെങ്കിലും എന്തുകൊണ്ട്‌ അങ്ങനെ ചെയ്യേണ്ട സാഹചര്യമുണ്ടായി എന്നകാര്യം പരിശോധിക്കണമെന്ന് സംഘടനകള്‍ പ്രതികരിച്ചു. കൗറിന് അനീതി നേരിടേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങുമെന്നും ചില സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ഷകസമരത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ പണത്തിനുവേണ്ടിയാണ് വന്നതെന്ന കങ്കണയുടെ മുന്‍ പ്രസ്താവന അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ പറഞ്ഞു. ആ പ്രസ്താവനയോടുള്ള രോഷമാണ് വിമാനത്താവളത്തില്‍ വെച്ച് കങ്കണയെ മുഖാമുഖം കണ്ടപ്പോള്‍ പ്രകടിപ്പിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

‘കുല്‍വിന്ദര്‍ കൗര്‍ ചെയ്ത പ്രവൃത്തിയെ ഞങ്ങള്‍ ന്യായീകരിക്കുന്നില്ല. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ രോഷം പ്രകടിപ്പിച്ചതെന്ന് പരിശോധിക്കേണ്ടതാണ്. നിങ്ങളുടെ അമ്മയ്‌ക്കെതിരെ ആരെങ്കിലും മോശം വാക്കുകള്‍ ഉപയോഗിച്ചാല്‍ അതെങ്ങനെ സഹിക്കാന്‍ കഴിയും? ഇതാണ് കുല്‍വിന്ദര്‍ കൗറിന്റെ കാര്യത്തിലും സംഭവിച്ചത്.’ -കര്‍ഷകസംഘടനയായ കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെ കണ്‍വീനര്‍ ശരണ്‍ സിങ് പന്ഥെര്‍ പറഞ്ഞു.

കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെ സംഘര്‍ഷ് കമ്മിറ്റിയില്‍ അംഗമാണ് കുല്‍വിന്ദര്‍ കൗറിന്റെ സഹോദരന്‍.

കുല്‍വിന്ദര്‍ കൗര്‍ സംയമനം പാലിക്കേണ്ടതായിരുന്നുവെങ്കിലും അവരുടെ രോഷമാണ് അവരെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഒരുനിമിഷം പോലുമെടുക്കാതെയാണ് ബി.ജെ.പി. നേതാക്കള്‍ പഞ്ചാബികളെ മുഴുവന്‍ ഭീകരരാക്കിയത്. അതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്.’ -പഞ്ചാബ് കിസാന്‍ യൂണിയന്‍ പ്രസിഡന്റ് റുല്‍ദു സിങ് മന്‍സ പറഞ്ഞു.

തങ്ങള്‍ കുല്‍വിന്ദര്‍ കൗറിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പഞ്ചാബിന്റെ സംസ്ഥാന പ്രസ് സെക്രട്ടറി അവതാര്‍ സിങ് മെഹ്‌മ പറഞ്ഞു. അവര്‍ക്ക് എതിരായി എന്തെങ്കിലും അനീതി നേരിടേണ്ടിവന്നാല്‍ തങ്ങള്‍ സമരത്തിനിറങ്ങുമെന്നും അവതാര്‍ സിങ് വ്യക്തമാക്കി. ഭാരതീയ കിസാന്‍ യൂണിയനും കൗറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.