സുനില്‍ ഛേത്രി
തിരഞ്ഞെടുപ്പുഫലം വന്നതിന്റെ ആഘോഷലഹരിയിലായിരുന്നു ചൊവ്വാഴ്ച കൊല്‍ക്കത്ത നഗരം. ആ ആവേശം തീരുംമുമ്പ് ‘സിറ്റി ഓഫ് ജോയ്’ മറ്റൊരു ചരിത്രസംഭവത്തിനൊരുങ്ങുന്നു. സന്തോഷത്തിന്റെ നഗരം ഇനി വേദിയാവുന്നത് ഇന്ത്യന്‍ ഫുട്ബോളിലെ ദുഃഖകരമായ മുഹൂര്‍ത്തങ്ങളിലൊന്നിനാണ്. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയുടെ പടിയിറക്കത്തിന്.
വ്യാഴാഴ്ച കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കും. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മത്സരം. കളിക്കുന്നത് ഇന്ത്യയും കുവൈത്തുമാണെങ്കിലും എല്ലാ കണ്ണുകളും ഛേത്രിക്കു ചുറ്റുമായിരിക്കും.
ചൊവ്വാഴ്ച സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിശീലനത്തിനെത്തിയപ്പോഴും ആരാധകരും മാധ്യമപ്രവര്‍ത്തകരും ചുറ്റിത്തിരിഞ്ഞതു ഛേത്രിക്കു പിന്നാലെയാണ്.
‘ഞങ്ങള്‍ക്കു നിങ്ങളെ മിസ്സ് ചെയ്യും ഛേത്രി’ എന്നര്‍ഥം വരുന്ന ബംഗാളി വാചകം ‘അമ്ര ഛേത്രിര്‍ കേല മിസ്സ് കോര്‍ബോ ഖൂബ്’ ആരാധകരില്‍നിന്ന് പലതവണ ഉയര്‍ന്നുപൊങ്ങി. വേലിക്കുപുറത്തുനിന്ന് മുഴുവന്‍സമയവും പരിശീലനംകണ്ട ആരാധകര്‍ ഛേത്രി പന്തുതൊട്ടപ്പോള്‍ ആരവമയുര്‍ത്തി.
മേയ് 16-നാണ് ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 39-കാരനായ ഛേത്രി 2005 മുതല്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമാണ്. 150 മത്സരങ്ങളില്‍ 94 ഗോള്‍ നേടി.
