ഡ്രാക്കുള സുരേഷ്

ആലുവ: മോഷണക്കേസില്‍ ഡ്രാക്കുള സുരേഷ് വീണ്ടും പോലീസ് പിടിയില്‍. ആലുവയിലെ ഗോള്‍ഡന്‍ ലൂബ്സ് എന്ന സ്ഥാപനത്തില്‍ മോഷണം നടത്തിയതിനാണ് കുന്നത്തുനാട് ഐക്കരനാട് ചെമ്മല കോളനിയില്‍ കണ്ടോലിക്കുടി വീട്ടില്‍ സുരേഷിനെ (ഡ്രാക്കുള സുരേഷ്-39) ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

കടയിലുണ്ടായിരുന്നയാള്‍ ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകുന്നതിന് പുറത്തുപോയ സമയം മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 26000 രൂപ മോഷ്ടിക്കുകയായിരുന്നു. പണം ഇയാളില്‍ നിന്ന് കണ്ടെടുത്തു. നിരവധി മോഷണക്കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ് സുരേഷ്. കുന്നത്തുനാട്, മൂവാറ്റുപുഴ, ഹില്‍പ്പാലസ്, പുത്തന്‍കുരിശ്, ചോറ്റാനിക്കര, പെരുമ്പാവൂര്‍, ആലുവ, എറണാകുളം സെന്‍ട്രല്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ മോഷണം, മയക്കുമരുന്ന് ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം കേസുകളില്‍ പ്രതിയാണ്. കറങ്ങി നടന്ന് മോഷണം നടത്തലാണ് ഇയാളുടെ രീതി. സ്ഥാപനങ്ങളും മറ്റും നോക്കിവെച്ച് ആളുമാറിക്കഴിയുമ്പോള്‍ മോഷണം നടത്തി രക്ഷപ്പെടുകയാണ് ചെയ്യുന്നത്.

കോവിഡ് കാലത്ത് ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍നിന്ന് പലതവണ ചാടിപ്പോയി ഡ്രാക്കുള സുരേഷ് പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. മോഷണക്കേസില്‍ അറസ്റ്റിലായി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇയാളെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നത്. എന്നാല്‍, എറണാകുളത്തെ വിവിധ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍നിന്ന് മൂന്നുതവണയാണ് ഇയാള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. ഓരോതവണയും പോലീസ് തിരച്ചിലിനിറങ്ങി സുരേഷിനെ വീണ്ടും പിടികൂടുകയായിരുന്നു.