അമൃത്പാൽ സിങ് | Photo : AP

സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സിങ് മത്സരിച്ചത്. ജയിലില്‍ കഴിയുന്നതിനാല്‍ത്തന്നെ പ്രചാരണത്തിനായി അമൃത്പാല്‍ സിങ് ഒരിക്കല്‍പ്പോലും മണ്ഡലത്തിലെത്തിയില്ലെന്നത് ശ്രദ്ധേയം.

ചണ്ഡീഗഡ്: ജജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ കുല്‍ബീര്‍ സിങ് സിറയേക്കാള്‍ 1,97,120 വോട്ടുകളാണ് അമൃത്പാല്‍ സിങ് നേടിയത്. അസമിലെ ദിബ്രൂഗഡ് ജയിലില്‍ കഴിയുന്ന അമൃത്പാല്‍ സിങ്ങിന് 4,04,430 വോട്ടുകളാണ് ലഭിച്ചത്. കുല്‍ബീര്‍ സിങ് സിറയ്ക്ക് ലഭിച്ചതാകട്ടെ 2,07,310 വോട്ടുകളാണ്. മൂന്നാം സ്ഥാനത്തെത്തിയ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ലാല്‍ജീത് സിങ് ഭുള്ളാറിന് 1,94,836 വോട്ടുകളാണ് നേടാനായത്.

വാരിസ് പഞ്ചാബ് ദേയുടെ ‘ജത്ഥേദാറാ’യ അമൃത്പാല്‍ സിങ്ങിനെ കഴിഞ്ഞകൊല്ലമാണ് ദേശീയ സുരക്ഷാനിയമമനുസരിച്ച് അറസ്റ്റ് ചെയ്തത്. ഖടൂര്‍ സാഹിബ് മണ്ഡലം റിട്ടേണിങ് ഓഫീസര്‍ അമൃത്പാല്‍ സിങ്ങിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് രേഖ കൈമാറി. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സിങ് മത്സരിച്ചത്. ജയിലില്‍ കഴിയുന്നതിനാല്‍ത്തന്നെ പ്രചാരണത്തിനായി അമൃത്പാല്‍ സിങ് ഒരിക്കല്‍പ്പോലും മണ്ഡലത്തിലെത്തിയില്ലെന്നതു ശ്രദ്ധേയം.

മുപ്പത്തിയൊന്നുകാരനായ സിങ്ങിനുവേണ്ടി പിതാവ് താര്‍സേം സിങ്ങും പ്രാദേശിക അനുയായികളുമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. വാളും ബുള്ളറ്റ് പ്രൂഫ് വേഷവും ധരിച്ച് നില്‍ക്കുന്ന അമൃത്പാല്‍ സിങ്ങിന്റെ ചിത്രങ്ങള്‍ തെരുവുകള്‍തോറും നിരന്നിരുന്നു. പഞ്ചാബിലുടനീളം അമൃത്പാല്‍ സിങ്ങിനെ പിന്തുണച്ച് അനവധിപേര്‍ അണിനിരന്നതായി താര്‍സേം സിങ് പറഞ്ഞു. പഞ്ചാബിലെ മയക്കുമരുന്ന് മാഫിയ തകര്‍ക്കുക, മുന്‍ സിഖ് ഭീകരവാദികളെ ജയില്‍ മോചിതരാക്കുക, രാജ്യത്ത് സിഖ് സ്വത്വത്തെ സംരക്ഷിക്കുക തുടങ്ങിയവയിലൂന്നിയായിരുന്നു സിങ്ങിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.

തന്റെ അനുയായികളുടെ അറസ്റ്റിനേത്തുടര്‍ന്ന് 2023 ഫെബ്രുവരിയില്‍ നടത്തിയ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന് പിന്നാലെയാണ് അമൃത്പാല്‍ സിങ് ദേശീയശ്രദ്ധ നേടുന്നത്. തുടര്‍ന്ന് മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞ സിങ്ങിനെതിരേ പോലീസ് വിവിധ നീക്കങ്ങളാണ് നടത്തിയത്. ഒടുവില്‍ അമൃത്പാല്‍ സിങ് സ്വയം കീഴടങ്ങുകയായിരുന്നു. ഭാര്യ കിരണ്‍ദീപ് കൗറിനെ പോലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്നുള്ള ഭയത്തേ തുടര്‍ന്നാണ് അമൃത്പാല്‍ സിങ് കീഴടങ്ങിയെതെന്ന് അഭ്യൂഹമുണ്ടായിരുന്നു.

പോലീസിന്റെ പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം ആറ് കേസുകളാണ് അമൃത്പാല്‍ സിങ്ങിനെതിരെ ചുമത്തിയത്. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പുറമെ വധശ്രമം, പോലീസുകാരെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളും സിങ്ങിനെതിരെ ചുമത്തിയിരുന്നു.

ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ രൂപസാദൃശ്യം ലഭിക്കാന്‍ വാരിസ് ദേ പഞ്ചാബ് നേതാവ് അമൃത്പാല്‍ സിങ് മുഖച്ഛായ മാറ്റുന്നതിനുള്ള ശസ്തക്രിയയ്ക്ക് വിധേയനായിരുന്നതായി അടുത്ത അനുയായികള്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 2022 ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ് ജോര്‍ജിയയില്‍ വെച്ച് അമൃത്പാല്‍ സിങ് കോസ്മെറ്റിക് സര്‍ജറിയ്ക്ക് വിധേയനായി എന്നായിരുന്നു വെളിപ്പെടുത്തല്‍.

അമൃത്പാല്‍ സിങ് ഒളിവില്‍ പോയതിനുപിന്നാലെ അദ്ദേഹത്തിന്റെ അമ്മാവനായ ഹര്‍ജിത് സിങ്, ദല്‍ജിത് സിങ് കല്‍സി എന്നിവരുള്‍പ്പെടെ അമൃത്പാല്‍ സിങ്ങിന്റെ ഏറ്റവുമടുത്ത അനുയായികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുക്കുകയും ചെയ്തു.

എന്നാല്‍, വാരിസ് പഞ്ചാബ് ദേയുടെ പുതിയ യുവനേതാവാകാനും നിരവധി പേരുടെ ആരാധനാപാത്രമാകാനും ഏതാനും മാസങ്ങള്‍ക്കൊണ്ട്അമൃത്പാലിന് സാധിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷാസ്വാധീനമൊഴികെ ബാക്കിയെല്ലാ കാര്യങ്ങളിലും, രൂപത്തിലും ഭാവത്തിലും വസ്ത്രധാരണത്തിലും ഉള്‍പ്പെടെ, ഭിന്ദ്രന്‍വാലയുടേതിന് സമാനമാണ് അമൃത്പാല്‍ സിങ്ങിന്റെ രീതികള്‍. ഭിന്ദ്രന്‍വാലയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും അമൃത്പാല്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. വിഘടനവാദിയും ഭിന്ദ്രന്‍വാലയുടെ അനുയായുമാണ് താനെന്ന് അമൃത്പാല്‍ ആവര്‍ത്തിച്ചിരുന്നു. മറ്റൊരു ഭിന്ദ്രന്‍വാലയാകാനുള്ള പദ്ധതികള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പുതന്നെ അമൃത്പാല്‍ സിങ് തയ്യാറാക്കിയിരുന്നു എന്നാണ് ഇയാളെക്കുറിച്ചുള്ള അനുയായികളുടെ വെളിപ്പെടുത്തല്‍ സൂചിപ്പിച്ചത്.

സാമൂഹികമാധ്യമങ്ങളില്‍ ലയിച്ച് ജീവിച്ച ഒരു സാധാരണ പഞ്ചാബുകാരന്‍ എന്നതിലുപരി 2022 ഓഗസ്റ്റ് വരെ അമൃത്പാല്‍ സിങ് സിഖ് മതവിശ്വാസപ്രകാരമുള്ള തലപ്പാവ് പോലും ധരിച്ചിരുന്നില്ല എന്നാണ് വിവരം. എന്‍ജിനീയറിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതായുംദുബായില്‍ ട്രാന്‍സ്പോര്‍ട്ട് ബിസിനസുകാരനായിരുന്നെന്നുമാണ്അമൃത്പാല്‍ സിങ്ങിനെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍.