Photo | AFP

ഡാലസ് (യു.എസ്.എ.): ടി20 ലോകകപ്പ് ഗ്രൂപ്പ് ഡി യില്‍ നേപ്പാളിനെതിരേ ആറുവിക്കറ്റ് വിജയം നേടി നെതര്‍ലന്‍ഡ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ 19.2 ഓവറില്‍ 106 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍-നേപ്പാള്‍: 106/10 (19.2 ഓവര്‍). നെതര്‍ലന്‍ഡ്‌സ്: 109/4 (18.4 ഓവര്‍).

നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം പ്രിങ്ക്‌ളും 3.2 ഓവറില്‍ 18 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് നേടിയ വാന്‍ ബീക്കുമാണ് നെതര്‍ലന്‍ഡ്‌സിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. വാന്‍ മകീരന്‍, ബാസ് ദെ ലീഡെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി. 48 പന്തില്‍ 54 റണ്‍സെടുത്ത മാക്‌സ് ഒഡ്വോഡാണ് നെതര്‍ലന്‍ഡ്‌സ് നിരയിലെ ടോപ് സ്‌കോറര്‍. വിക്രംജിത് സിങ് (22), സിബ്രാന്‍ഡ് എയ്ഞ്ചല്‍ബ്രക്ട് (14), ബാസ് ദെ ലീലെ (11) എന്നിവര്‍ രണ്ടക്കം കടന്നു.

നേരത്തേ ആദ്യം ബാറ്റുചെയ്ത നേപ്പാളിനായി 37 പന്തില്‍ 35 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് പൊഡേല്‍ ആണ് കാര്യമായി പൊരുതിയത്. കരണ്‍ കെ.സി. (17), ഗുല്‍സന്‍ (14), അനില്‍ സാഹ് (11) എന്നിവരൊഴികെ മറ്റാരും രണ്ടക്കം തികച്ചില്ല. സോംപാല്‍ കമി, ദീപേന്ദ്ര സിങ് ഐറീ, അബിനാഷ് ബൊഹറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മഴ; സ്‌കോട്ട്‌ലന്‍ഡ്-ഇംഗ്ലണ്ട് മത്സരം ഉപേക്ഷിച്ചു

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ സ്‌കോട്ട്‌ലന്‍ഡ്-ഇംഗ്ലണ്ട് മത്സരം മഴ കാരണം ഉപേക്ഷിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സ്‌കോട്ട്‌ലന്‍ഡ് 10 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 90 റണ്‍സെടുത്തെങ്കിലും മഴ വില്ലനായെത്തി. ഓപ്പണര്‍മാരായ ജോര്‍ജ് മുന്‍സി (31 പന്തില്‍ 41), മൈക്കിള്‍ ജോണ്‍സ് (30 പന്തില്‍ 45) എന്നിവര്‍ മികച്ച മുന്നേറ്റവുമായി ക്രീസില്‍ നില്‍ക്കെയാണ് മഴയെത്തിയത്.

തുടര്‍ന്ന് 109 റണ്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിന് 109 റണ്‍സ് വിജയലക്ഷ്യം വെച്ചെങ്കിലും ഒറ്റ പന്ത് പോലും തുടര്‍ന്ന് എറിയാനായില്ല. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.