കെ. സുധാകരൻ
കണ്ണൂർ: മന്ത്രിസഭയുടെ ക്യാപ്റ്റനായ പിണറായി വിജയന്റെ മണ്ഡലമായ ധർമടം. പാർട്ടിക്കപ്പുറത്തും വിപുലമായ ജനകീയ സ്വാധീനമുണ്ടെന്ന് വിശേഷിപ്പിക്കുന്ന കെ.കെ.ശൈലജയുടെ തട്ടകമായ മട്ടന്നൂർ. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പ്. പാർട്ടിക്ക് അതിശക്തമായ സംഘടനാസംവിധാനമുള്ള മൂന്ന് ഉരുക്കുകോട്ടകൾ. ഈ പാർട്ടി കോട്ടകളെ ഞെട്ടിച്ചായിരുന്നു സുധാകരന്റെ മുന്നേറ്റം. തളിപ്പറമ്പിലാകട്ടെ കെ.സുധാകരൻ വ്യക്തമായ ഭൂരിപക്ഷം നേടുകയുംചെയ്തു.
ഇരിക്കൂറിലും പേരാവൂരിലും കണ്ണൂരിലും സുധാകരൻ നേടുന്ന ഭൂരിപക്ഷത്തെ ഈ മൂന്ന് മണ്ഡലങ്ങളിലെയും ഭൂരിപക്ഷംകൊണ്ട് മറികടക്കാമെന്നായിരുന്നു എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ.
തളിപ്പറമ്പിൽ 8,787 വോട്ടിന്റെ മേൽക്കൈയാണ് സുധാകരന്. മട്ടന്നൂരിലും ധർമടത്തും എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ടെങ്കിലും 2019-ലേതിനേക്കാൾ കുറഞ്ഞു. ധർമടം-2,616, മട്ടന്നൂർ-3,034 ലീഡുമായി എൽ.ഡി.എഫ്. പിടിച്ചുനിന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു മൂന്ന് മണ്ഡലങ്ങളിലും ഭൂരിപക്ഷം: തളിപ്പറമ്പ്-22,698, ധർമടം-50,123, മട്ടന്നൂർ:-60,963. മട്ടന്നൂരിലാകട്ടെ ഭൂരിപക്ഷത്തിൽ റെക്കോഡിന്റെ തിളക്കം. 2019-ലെ തിരഞ്ഞെടുപ്പിൽ, തളിപ്പറമ്പിൽ 725 വോട്ടിന്റെ നേരിയ ലീഡേ സുധാകരനുണ്ടായിരുന്നുള്ളൂ. ധർമടത്ത് 4,099 വോട്ടും മട്ടന്നൂരിൽ 7,488 വോട്ടുമായി എൽ.ഡി.എഫ്. മുന്നിലായിരുന്നു. ഇത്തവണ ലീഡ് രണ്ടിടത്തും കുറഞ്ഞു. മട്ടന്നൂരിൽ കുറഞ്ഞത് പകുതിയിലധികമാണ്.
മൂന്ന് പതിറ്റാണ്ടിലേറെയായി ജില്ലയിലെ സി.പി.എമ്മിന്റെ ഏറ്റവും വലിയ എതിരാളിയാണ് സുധാകരൻ. ഒരുമാസം മുൻപ് തുടങ്ങിയതായിരുന്നു എൽ.ഡി.എഫിന്റെ പ്രചാരണം. നാലുംഅഞ്ചും തവണ വീടുകയറിയുള്ള വോട്ടുപിടിത്തം. യു.ഡി.എഫാകട്ടെ സ്ഥാനാർഥി പ്രഖ്യാപനം നീണ്ടതിനാൽ വൈകിയാണ് പ്രചാരണത്തിനിറങ്ങിയത്. പ്രവർത്തകരും കാര്യമായ സംഘടനാസംവിധാനവുമില്ലാതെ ഈ മുന്ന് കേന്ദ്രങ്ങളിലെയും പലയിടത്തും യു.ഡി.എഫ്. കിതയ്ക്കുകയായിരുന്നു. ചിലയിടത്ത് യു.ഡി.എഫിന്റെ ഉറച്ച വോട്ടുകൾപോലും ചെയ്യാനാകാതെ പോയി. ഇതൊന്നും വോട്ടെണ്ണിയപ്പോൾ തിരിച്ചടിയായില്ല.
കണ്ണൂരിന്റെ ചരിത്രത്തിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ ഭൂരിപക്ഷം
കണ്ണൂർ : കണ്ണൂരിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് വമ്പൻ വിജയം. 1,08,982 വോട്ടിനാണ് സി.പി.എമ്മിലെ എം.വി. ജയരാജനെ തോൽപിച്ചത്. കണ്ണൂർ ലോക്‌സഭ മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. മൂന്നാം തവണയാണ് സുധാകരൻ കണ്ണൂരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. കെ. സുധാകരന്റെ തേരോട്ടത്തിനിടയിൽ കണ്ണൂരിലെ സി.പി.എമ്മിന്റെ ചുവന്ന കോട്ടകളടക്കം ഇളകി. ശക്തമായ മത്സരം പ്രവചിച്ചിരുന്ന കണ്ണൂർ ഒടുവിൽ അനായാസം കെ. സുധാകരൻ നേടുകയായിരുന്നു. സി.പി.എമ്മിന്റെ എല്ലാ കണക്കുകൂട്ടലുകളും ഇവിടെ പിഴച്ചു.
ഇ.വി.എം. വോട്ടുകൾ എണ്ണിത്തുടങ്ങിയതുമുതൽ വോട്ടെണ്ണൽ അവസാനിക്കുന്നതുവരെ സുധാകരൻ മുന്നിട്ടുനിന്നു. ഓരോ റൗണ്ടിലും ഭൂരിപക്ഷം വർധിച്ചുകൊണ്ടിരുന്നു. മുസ്‌ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഒഴുകിയെത്തി എന്നതാണ് മിന്നും വിജയത്തിന് ഒരുകാരണം. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം എൽ.ഡി.എഫിന് കണ്ണൂരിലും പ്രതിരോധിക്കാനായില്ല എന്നത് വേറൊരു കാര്യം.
കണ്ണൂരിൽ പോൾ ചെയ്ത 10,44,860 വോട്ടിന്റെ 48.74 ശതമാനം സുധാകരൻ നേടി- 5,18,524 വോട്ട്. എം.വി. ജയരാജൻ 4,09,542 വോട്ട് നേടി-38.5 ശതമാനം. യു.ഡി.എഫ്. മുന്നേറ്റത്തിനിടയിലും എൻ.ഡി.എ. സ്ഥാനാർഥി സി. രഘുനാഥ് 50,000-ലധികം വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ നേടി-1,19,876 വോട്ട്. 11.27 ശതമാനം.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ പരമ്പരാഗതമായി യു.ഡി.എഫിന് ഒപ്പംനിൽക്കുന്ന കണ്ണൂർ, ഇരിക്കൂർ, പേരാവൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ വലിയ ലീഡ് യു.ഡി.എഫ്. നേടി. കോൺഗ്രസിനും മുസ്‌ലിം ലീഗിനും ഈ മണ്ഡലങ്ങളിലുള്ള സ്വാധീനം അടിത്തറയാക്കിയാണ് യു.ഡി.എഫ്. കണ്ണൂർ ലോക്‌സഭാ സീറ്റിൽ ജയിക്കാറുമുള്ളത്. അതിനൊപ്പം സി.പി.എം. ശക്തികേന്ദ്രമായ തളിപ്പറമ്പിലും കെ. സുധാകരൻ വ്യക്തമായ ലീഡ് നേടി. സി.പി.എം. കോട്ടകളായ മട്ടന്നൂരിലും ധർമടത്തും എൽ.ഡി.എഫ്. ലീഡ് ഗണ്യമായി കുറയ്ക്കാനും സാധിച്ചു.
നാണം കെട്ട് സി.പി.എം.
കണ്ണൂർ: കണ്ണൂരിൽ രണ്ടുപതിറ്റാണ്ടിലേറെയായി കോൺഗ്രസ് എന്നാൽ കെ.സുധാകരനാണ്. കണ്ണൂരിലെ കരുത്തനായ കോൺഗ്രസ് നേതാവ്. ആ നേതാവിനുമുന്നിൽ കണ്ണൂരിലെ സി.പി.എം. ഒരിക്കൽക്കൂടി അടിയറവ് പറഞ്ഞു. കെ.സുധാകരൻ. തീക്ഷ്ണമായ രാഷ്ട്രീയം തിളച്ചുമറിയുന്ന കണ്ണൂരിലെ മണ്ണിൽ സി.പി.എം. വിരുദ്ധ രാഷ്ട്രീയത്തിന്റെ അമരക്കാരനാണ് ‘കെ.എസ്.’ എന്ന് അണികൾ വിളിക്കുന്ന സുധാകരൻ. ഇത്തവണയാകട്ടെ കെ.പി.സി.സി. പ്രസിഡന്റ് എന്ന തലയെടുപ്പോടെയാണ് മത്സരത്തിനിറങ്ങിയത്.
പലവട്ടം സി.പി.എമ്മും സുധാകരനും തമ്മിലുള്ള പോര് ജനം കണ്ടതാണ്. 1992-ൽ എടക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനെതിരായ കേസ് മുതൽ തുടങ്ങിയതാണ് ഈ പോരാട്ടം. അതുകൊണ്ടുതന്നെ സി.പി.എം. ഏറ്റുമുട്ടിയത് കോൺഗ്രസ് എന്നതിനേക്കാൾ സുധാകരനോടാണ്. ആ ഏറ്റുമുട്ടലിൽ ഒരിക്കൽക്കൂടി സുധാകരൻ ജയിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സമരപോരാട്ടങ്ങൾ നിറഞ്ഞ മണ്ണിൽ, വീണ്ടും തലയുയർത്തിനിൽക്കുന്ന സുധാകരന് മുന്നിൽ സി.പി.എമ്മിന്റെ കണ്ണൂർ സ്ക്വാഡ് ഒരിക്കൽക്കൂടി തലകുനിച്ചുവെന്നും പറയാം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 94,559 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുധാകരൻ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്നത്തെ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മാത്രം സംഭവിച്ചതാണെന്ന നിലയിലാണ് സി.പി.എമ്മും ഇടതുമുന്നണിയും അതിനെ കണ്ടത്. എന്നാൽ കണ്ണൂരിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഇത്തവണ സുധാകരൻ വിജയിച്ചത്.
ഇത്തവണ സുധാകരനെ വീഴ്ത്താൻ സി.പി.എം. ജില്ലാസെക്രട്ടറി എം.വി.ജയരാജൻതന്നെ കളത്തിലിറങ്ങി. സ്ഥാനാർഥി പ്രഖ്യാപനം നേരത്തേയാക്കി സി.പി.എമ്മിന്റെ കോട്ട എന്നറിയപ്പെടുന്ന കണ്ണൂരിൽ പാർട്ടി കാഡറുകൾ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. വോട്ടർപട്ടിക പുതുക്കൽ മുതൽ വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിൽവരെ അക്ഷീണം പ്രവർത്തിച്ചു. പക്ഷേ സുധാകരനെ വീഴ്ത്താൻ സി.പി.എമ്മിനായില്ല. എന്നുമാത്രമല്ല സി.പി.എമ്മിന്റെ കോട്ടകളിൽപോലും സുധാകരൻ കടന്നുകയറി. തളിപ്പറമ്പ് നിയമസഭാമണ്ഡലത്തിൽ കഴിഞ്ഞതവണയുണ്ടായ വോട്ട് ചോർച്ച തടയാൻ സി.പി.എം. പഴുതടച്ച പ്രവർത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലമായ തളിപ്പറമ്പിനുപുറമെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തുപോലും സുധാകരൻ വൻതോതിൽ വോട്ട് സമാഹരിച്ചു. അനുയായികളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രത്യേക പ്രഭാവമുണ്ട് സുധാകരന്. ഇടതിനെതിരായ നിഷേധവോട്ടിനൊപ്പം ഇതും വലിയ ജയത്തിന് വഴിയൊരുക്കി. പാർട്ടിയുടെയും മുന്നണിയുടെയും കൂടാതെ മറ്റ് വോട്ടുകൾ സമാഹരിക്കാനും അതുവഴി സുധാകരന് സാധിച്ചു.
