പ്രതീകാത്മക ചിത്രം
കോഴിക്കോട്: മൂന്നിടങ്ങളിലൊഴികെ കേരളത്തിലെ 17 മണ്ഡലങ്ങളിലും വോട്ടുവിഹിതം വര്‍ധിപ്പിച്ച് എന്‍.ഡി.എ. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെക്കാള്‍ 3.6% വോട്ടാണ് ഇത്തവണ എന്‍.ഡി.എ.യ്ക്ക് അധികം കിട്ടിയത്. ഇതിനൊപ്പം തൃശ്ശൂരില്‍ വിജയിക്കാനും എന്‍.ഡി.എ.യ്ക്ക് കഴിഞ്ഞു.
2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 15.57 ശതമാനമായിരുന്നു സംസ്ഥാനത്ത് എന്‍.ഡി.എ.യുടെ വോട്ടുവിഹിതം. ഇത്തവണ അത് 19.17 ശതമാനമായി ഉയര്‍ന്നു. പത്തനംതിട്ടയിലും മലപ്പുറത്തും ചാലക്കുടിയിലുമാണ് എന്‍.ഡി.എ.യുടെ വോട്ടുവിഹിതത്തില്‍ 2019-നെ അപേക്ഷിച്ച് കുറവുണ്ടായത്. പത്തനംതിട്ടയില്‍ 2019-ല്‍ 28.97 ശതമാനം വോട്ട് കിട്ടിയപ്പോള്‍ 2024-ല്‍ അത് 25.29 ആയി കുറഞ്ഞു. ചാലക്കുടിയില്‍ 2019-ല്‍ 15.57 ശതമാനമായിരുന്നു എന്‍.ഡി.എ.യുടെ വോട്ടുവിഹിതം. ഇത്തവണ അത് 11.18 ശതമാനമായി കുറഞ്ഞു. മലപ്പുറത്ത് നേരിയ കുറവാണുണ്ടായത്(0.09%).
ബി.ജെ.പി. ജയിച്ച തൃശ്ശൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 18 ലോക്‌സഭ മണ്ഡലങ്ങളിലും എന്‍.ഡി.എ. വോട്ടുവര്‍ധിച്ചു. ആലപ്പുഴയിലും ആലത്തൂരിലും 2019-ലേതിനെക്കാള്‍ പത്ത് ശതമാനത്തിലേറെ വോട്ടാണ് കൂടിയത്. ആലത്തൂര്‍- 2019: 8.82%, 2024: 18.97%. ആലപ്പുഴ- 2019: 17.24% 2024: 28.3%.
സുരേഷ് ഗോപി ജയിച്ച തൃശ്ശൂരില്‍ എന്‍.ഡി.എ.യ്ക്ക് ഇത്തവണ 9.60 ശതമാനം വോട്ടാണ് കൂടിയത്. 2019-ല്‍ 28.20 ശതമാനമായിരുന്നത് 2024-ല്‍ 37.8 ശതമാനമായി വര്‍ധിച്ചു. എല്‍.ഡി.എഫിനും യു.ഡി.എഫിനും യഥാക്രമം 30.95, 30.08 ശതമാനം വോട്ടാണ് ലഭിച്ചത്. ബി.ജെ.പി. രണ്ടാമതെത്തിയ തിരുവനന്തപുരത്തും വോട്ടുവിഹിതം ഉയര്‍ന്നു. ആറ്റിങ്ങലിലും കൊല്ലത്തും ഏഴുശതമാനത്തോളം വോട്ടാണ് എന്‍.ഡി.എ.യ്ക്ക് വര്‍ധിച്ചത്.
