കെ. മുരളീധരൻ

തിരുവനന്തപുരം: തൃശ്ശൂര്‍ മണ്ഡലത്തിലെ തിരച്ചടിയുടെ ആഘാതത്തില്‍ തകര്‍ന്ന കെ. മുരളീധരനെ ആശ്വസിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍. തത്കാലം തിരഞ്ഞെടുപ്പുകളില്‍നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനത്തില്‍നിന്ന് മുരളീധരനെ പിന്തിരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, കെ. മുരളീധരന്‍റെ വീട് സ്ഥിതിചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുരളീധരനെ മത്സരിപ്പിക്കണമെന്ന താൽപര്യം പ്രവർത്തകർ മുന്നോട്ടുവെക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവ് മണ്ഡലം ഇടതുപക്ഷത്തിന്റെ കൈവശമാണ്. മണ്ഡലത്തില്‍ ബിജെപിക്ക് വ്യക്തമായ സ്വാധീനമുണ്ട്. ബിജെപി വോട്ടുകള്‍ വര്‍ധിപ്പിക്കുന്നത് യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുന്നുണ്ട്.

അവസാന നിമിഷം സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന പോലെ വടകര മണ്ഡലത്തില്‍നിന്ന് തൃശ്ശൂരിലേക്ക് ബിജെപിയെ നേരിടാന്‍ മുരളിയെ ഇറക്കുമ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷകള്‍ ഏറെയുണ്ടായിരുന്നു. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപിയെ പരാജയപ്പെടുത്തിയത് മുരളിയുടെ സാന്നിധ്യമാണ്. ബിജെപിയിലേക്ക് പോയ വോട്ടുകള്‍ മിക്കതും തിരികെ കൈപ്പത്തിയിലേക്ക് എത്തിച്ചത് മുരളീധരനാണ്. അതുപോലെ, പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയില്‍നിന്ന് കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ സഹോദരൻ മുരളീധരനെ തന്നെ കളത്തിലിറക്കിയാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

എന്നാല്‍, ആ രാഷ്ട്രീയ പരീക്ഷണം പാളിയെന്ന് മാത്രമല്ല അതുണ്ടാക്കിയ അലയൊലി അടുത്തെങ്ങും അടങ്ങില്ലെന്ന് കോണ്‍ഗ്രസിന് നല്ല ബോധ്യമുണ്ട്. തൃശ്ശൂരിൽ മുരളീധരൻ മൂന്നാം സ്ഥാനത്താണ് എന്നതാണ് പരാജയത്തെ കൂടുതൽ രൂക്ഷമാക്കുന്നത്. മുരളീധരനെ പിണക്കാതെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. വരുംദിവസങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിലെ നേതാക്കള്‍ക്കെതിരെ മുരളീധരന്റെ ഭാഗത്തുനിന്ന് വിമര്‍ശനങ്ങള്‍ വന്നേക്കാമെന്ന് മുന്നില്‍ക്കണ്ട് അനുനയ ശ്രമങ്ങളിലാണ് ഇപ്പോൾ നേതൃത്വം ഏർപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് എന്ത് ദൗത്യം ഏല്‍പ്പിച്ചാലും അതിനിറങ്ങുന്ന പോരാളിയാണ് കെ. മുരളീധരനെന്നാണ് മുന്‍ പ്രതിപക്ഷ നേതാവും ഐ ഗ്രൂപ്പിന്റെ പ്രമുഖ മുഖവുമായ രമേശ് ചെന്നിത്തല പ്രതികരിച്ചത്. മുരളിയുടെ പരാജയത്തില്‍ ദുഃഖമുണ്ടെന്നും ചെന്നിത്തല പറയുന്നു. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വടകര എംപി ആയിരിക്കെ നേമത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുരളി മത്സരിച്ചത്. വട്ടിയൂര്‍ക്കാവിലെ എംഎല്‍എ ആയിരിക്കെയാണ് പാര്‍ട്ടിയുടെ ആവശ്യപ്രകാരം 2019-ല്‍ വടകരയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചത്.

ഇത്രയധികം പാര്‍ട്ടിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടും തൃശ്ശൂരില്‍ പരാജയപ്പെട്ടതിന് ജില്ലാ നേതാക്കളെയാണ് മുരളി കുറ്റപ്പെടുത്തുന്നത്. വോട്ടെണ്ണല്‍ കഴിഞ്ഞ് മുരളീധരനെ കാണാന്‍ മണ്ണുത്തിയിലെത്തിയ ജില്ലാ നേതാക്കളോട് അതിരൂക്ഷമായിട്ടായിരുന്നു മുരളിധരന്‍ പ്രതികരിച്ചത്. ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരുവിഭാഗം പിറകില്‍നിന്ന് കുത്തിയെന്ന പരാതി മുരളിക്കുണ്ട്. വിമര്‍ശനങ്ങളോട് കരുതലോടെയേ പ്രതികരിക്കാവു എന്നാണ് നേതാക്കള്‍ക്ക് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം. മുരളിയെ അധികം പിണക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാന നേതൃത്വത്തിലേക്ക് മുരളിയെ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലാണ് രാഹുല്‍ഗാന്ധി മത്സരിച്ചത്. അതില്‍ കേരളത്തിലെ വയനാട് സീറ്റ് രാഹുല്‍ ഒഴിഞ്ഞേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അവിടെ മുരളിയെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്. മുസ്ലീം ലീഗിനും സ്വീകാര്യനായ നേതാവാണെന്നത് ഇക്കാര്യത്തില്‍ അനുകൂല ഘടകമാണ്. ഇതിനൊപ്പം മറ്റൊരു സാധ്യത ലോക്‌സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ. സുധാകരന് പകരം കെ.പി.സി അധ്യക്ഷ സ്ഥാനം നൽകുക എന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ് സീറ്റില്‍ വീണ്ടും മത്സരിപ്പിക്കുക എന്നതാണ് മറ്റൊന്ന്. മുരളീധരന്‍ മത്സരിക്കാന്‍ വരണമെന്ന് വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാന അധ്യക്ഷസ്ഥാനം കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനം എഐസിസിയുടേതാണ്. അക്കാര്യത്തില്‍ മറ്റ് ഗ്രൂപ്പുകളെയും വിശ്വാസത്തിലെടുക്കേണ്ടി വരും. പകരം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കുന്നതും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗിനും എതിര്‍പ്പില്ല. എന്നാല്‍, നിലവിലെ കണ്‍വീനര്‍ എംഎം ഹസ്സന്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണക്കിലെടുക്കേണ്ടി വരും.

മുരളീധരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ ഘടകകക്ഷികള്‍ക്ക് താത്പര്യമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ ഐ ഗ്രൂപ്പ് കൂടുതല്‍ കരുത്തരാകുന്നതിന് ഇത് ഇടയാക്കും. അത് എ ഗ്രൂപ്പിനും സുധാകരനും താത്പര്യമുണ്ടാകില്ല. എന്നിരുന്നാലും, ഒന്നര വര്‍ഷത്തോളം കഴിഞ്ഞാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. വട്ടിയൂര്‍ക്കാവില്‍ മുരളീധരന്‍ മത്സരിക്കുമെന്ന് തന്നെയാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.