ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും | AFP

ന്യൂയോർക്ക്: 2007-ൽ തുടങ്ങിയ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യകിരീടം ഇന്ത്യക്കായിരുന്നു. എം.എസ്. ധോനിയുടെ നേതൃത്വത്തിലുള്ള ആ ടീം കിരീടമുയർത്തിയിട്ട് 17 വർഷമായി. പിന്നീട് നേട്ടങ്ങളെപ്പോലെ നിരാശയും ഇന്ത്യൻ ടീമിന്റെ കൂടെയുണ്ട്. മറ്റൊരു ലോകകപ്പിന് ഇന്ത്യ ബുധനാഴ്ച ഇറങ്ങുന്നു. ഗ്രൂപ്പ് എ-യിൽ അയർലൻഡിനെതിരായ മത്സരം രാത്രി എട്ടുമുതൽ ന്യൂയോർക്കിൽ. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ടെങ്കിലും ഇലവനിൽ അവസരംകിട്ടുമോയെന്ന് ഉറപ്പില്ല.

ഇന്ത്യൻ ടീമിന് കഴിഞ്ഞവർഷം ഇന്ത്യയിൽനടന്ന ഏകദിന ലോകകപ്പിന്റെ തുടർച്ചയാണിത്. അന്ന് അപാരഫോമിൽ കളിച്ച രോഹിതും സംഘവും ഫൈനലിൽ ഓസ്‌ട്രേലിയക്കുമുന്നിൽ അപ്രതീക്ഷിതമായി വീണു. ഫൈനലിനൊടുവിൽ രോഹിത് കണ്ണീരണിഞ്ഞു. ആ നിരാശയുടെ പശ്ചാത്തലത്തിലാണ് ടി 20 ലോകകപ്പിൽ രോഹിത്തിനു കീഴിൽത്തന്നെ ഇറങ്ങാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തീരുമാനിച്ചത്. കോച്ച് രാഹുൽ ദ്രാവിഡിന്റെ കാലാവധിയും നീട്ടിനൽകി.

രോഹിത് ശർമയ്ക്ക് 37 വയസ്സായി. കോലിക്ക് 35 വയസ്സുണ്ട്. ഏറെക്കാലമായി ഇന്ത്യൻ ടീമിന്റെ കരുത്തായിനിൽക്കുന്ന ഇരുവരും ഇനിയൊരു ലോകകപ്പിൽ ഒന്നിച്ചുകളിക്കുമോയെന്ന് ഉറപ്പില്ല. 2027-ൽ ദക്ഷിണാഫ്രിക്കയിലാണ് അടുത്ത ഏകദിന ലോകകപ്പ്. അതുകൊണ്ടുതന്നെ രോഹിതിനും കോലിക്കുംവേണ്ടി കിരീടം എന്ന ഒറ്റലക്ഷ്യത്തോടെയാണ് ടീം മുന്നോട്ടുപോകുന്നത്. രണ്ടുമാസത്തിലേറെയായി ഐ.പി.എലിൽ കളിച്ചവരാണ് ഇന്ത്യൻ ടീമംഗങ്ങളേറെയും. ഇവിടെ രാത്രിയിലായിരുന്നു മത്സരങ്ങളേറെയും. എന്നാൽ, യു.എസിൽ മത്സരം പകലാണ്. കാലാവസ്ഥയും വ്യത്യസ്തം.

ന്യൂയോർക്കിലെ നസ്സാവു സ്റ്റേഡിയത്തിലാണ് കളി. കഴിഞ്ഞദിവസം ഇതേ സ്റ്റേഡിയത്തിൽനടന്ന ശ്രീലങ്ക-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ബൗളർമാരുടെ ഭരണമായിരുന്നു.

ഇന്ത്യയുടെ ഇലവനെക്കുറിച്ച് ഇതുവരെ ചിത്രം വ്യക്തമായിട്ടില്ല. രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി ഓപ്പൺചെയ്യണമെന്ന നിർദേശം അന്തരീക്ഷത്തിലുണ്ട്. ഇടംകൈയനായ യശസ്വി ജയ്‌സ്വാളാണ് ടീമിലെ മറ്റൊരു ഓപ്പണർ. രോഹിത്-യശസ്വി സഖ്യം ഓപ്പൺ ചെയ്യുകയാണെങ്കിൽ വൺഡൗണായി കോലി, തുടർന്ന് സൂര്യകുമാർ, വിക്കറ്റ് കീപ്പർ റിക്ഷഭ് പന്ത് അല്ലെങ്കിൽ സഞ്ജു സാംസൺ, ഫിനിഷറായി ഹാർദിക് എന്നിങ്ങനെയാണ് സാധാരണയായി ബാറ്റിങ് ഓർഡർ. കോലി ഓപ്പണറായാൽ ഇലവനിലും ബാറ്റിങ് ഓർഡറിലും കാര്യമായ മാറ്റംവരും.

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തന്റെ ക്വാട്ട മുഴുവൻ ബൗൾ ചെയ്യുകയാണെങ്കിൽ മറ്റൊരു ബാറ്ററെക്കൂടി കളിപ്പിക്കാൻ അവസരമുണ്ടാകും. സ്പിൻ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയുമുണ്ട്. സ്ലോ ട്രാക്ക് ആയതിനാൽ മറ്റുരണ്ടു സ്പിന്നർമാരെക്കൂടി കളിപ്പിക്കാനിടയുണ്ട്. കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ എന്നീ സ്‌പെഷലിസ്റ്റ് സ്പിന്നർമാർ ടീമിലുണ്ട്. സ്പിൻ ഓൾറൗണ്ടറായി അക്‌സർ പട്ടേലുമുണ്ട്. പേസിൽ ജസ്‌പ്രീത് ബുംറ ഉറപ്പാകുമ്പോൾ മുഹമ്മദ് സിറാജ്/അർഷ്ദീപ് സിങ് എന്നിവരിൽനിന്നാകും മൂന്നാമനെ തിരഞ്ഞെടുക്കുക. പോൾ സ്റ്റർലിങ് നയിക്കുന്ന അയർലൻഡ് ടീം ലോകകപ്പിനുമുമ്പ്, പാകിസ്താനെതിരായ പരമ്പരയിൽ ഒരു മത്സരം ജയിച്ചിരുന്നു (2-1).