പത്മജാ വേണുഗോപാൽ

കൊച്ചി: കോൺഗ്രസിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് തൃശ്ശൂരിലെ ജനങ്ങൾ കൊടുത്തത് എന്ന് പത്മജ വേണുഗോപാൽ. സുരേഷ് ഗോപി മനസ്സിൽ നന്മയുള്ള മനുഷ്യനാണെന്നും 10 വർഷക്കാലം കളിയാക്കലുകളും ട്രോളുകളുംകേട്ട് ക്ഷമിച്ച് പ്രവർത്തിച്ചു നിന്നതിന്റെ ഫലമാണ് ഇപ്പോഴത്തെ വിജയത്തിലൂടെ ലഭിച്ചതെന്നും പത്മജ പൂങ്കുന്നത്തെ ‘മുരളീ മന്ദിര’ത്തിൽവച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃശ്ശൂരിൽ മുരളീധരൻ നേരിട്ട കനത്ത തോൽവിയെക്കുറിച്ചും പത്മജ പ്രതികരിച്ചു. മുരളീധരനോട് ഇപ്പോഴും സ്നേഹമുണ്ടെന്നും സ്വന്തം നാട്ടിൽ വന്ന് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്ന അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കുന്നുവെന്നും അവർ പ്രതികരിച്ചു.

“ഞാൻ എടുത്ത തീരുമാനം തെറ്റിയില്ലെന്ന് എനിക്കിപ്പോൾ തോന്നുന്നു. ഇന്നലെ എന്നെ പലരും പ്രതികരണത്തിനായി വിളിച്ചിരുന്നു. പക്ഷെ ഇവിടെ ഈ മുരളീമന്ദിരത്തിൽവച്ചു തന്നെ എനിക്ക് മറുപടി തരണമെന്നുണ്ടായിരുന്നു. ഈ വീട്ടിൽനിന്ന് നെഞ്ചുപൊട്ടിക്കൊണ്ടാണ്, അപമാനം ഏറ്റു വാങ്ങിയാണ് ഞാൻ മറ്റൊരു പ്രസ്ഥാനത്തിലേക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തുനിന്ന് പോയത്. അതുകൊണ്ട് തന്നെ ഇവിടെനിന്ന് കാര്യങ്ങൾ പറയണം എന്നെനിക്ക് ഉണ്ടായിരുന്നു. ബി.ജെ.പി. എന്ന പ്രസ്ഥാനത്തെപറ്റി ഞാൻ കേട്ട കാര്യങ്ങൾ അല്ല ഇതിനകത്ത് വന്നപ്പോൾ അനുഭവിച്ചത്. വർഗീയത ബി.ജെ.പി. അല്ല പരത്തുന്നത്. കോൺഗ്രസ്സിന് എത്ര വോട്ടാണ് കിട്ടിയതെന്ന് കണ്ടതല്ലേ. ഒരു വിഭാഗത്തെ ഭയപ്പെടുത്തി കോൺഗ്രസ്സ് ആണ് വെറുപ്പിന്റെ രാഷ്ട്രീയം പരത്തിയത്. ജാതി കളിക്കുന്നതും വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്നതും കോൺഗ്രസ്സാണ്. പേടിപ്പിച്ചു നിർത്തുന്നതാണ്. അല്ലാതെ അവർക്ക് ബി.ജെ.പിയോട് വിരോധമില്ല”, നിങ്ങൾക്ക് ഇവിടെ ജീവിക്കാനാവില്ല പാകിസ്താനിലേക്ക് പോകേണ്ടി വരും എന്ന് ഭയപ്പെടുത്തുന്നത് അവരാണെന്നും ഒരു സമൂഹത്തെ തന്നെ പേടിപ്പിച്ചു വച്ചിരിക്കുകയാണെന്നും പത്മജ കോൺ​ഗ്രസിനെ വിമർശിച്ചു.

“കോൺഗ്രസ്സിന് ദേശീയ തലത്തിൽ 230 സീറ്റ് കിട്ടി എന്നത് ശരിയാണ്. അതിൽ പത്തുമുപ്പത് സീറ്റ് മമതയുടെതാണ്. മമത ഇന്ത്യ മുന്നണിയുടെ ഭാഗവുമല്ല. ഇന്ത്യ മുന്നണി ഭരണത്തിൽ വരണമെന്ന് ഉണ്ടെങ്കിൽ മാത്രമേ മമത അതിന്റെ ഭാഗമാകൂ. പിന്നെങ്ങനെ ആണ് 200 പേരെ വച്ചു ഇന്ത്യ മുന്നണി മന്ത്രിസഭ ഉണ്ടാക്കുന്നത്. കെ. മുരളീധരൻ എന്ന് പറയുന്ന എന്റെ സഹോദരന് ഞാൻ മുന്നറിയിപ്പ് കൊടുത്തതാണ്. എന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നതാണ്. തൃശ്ശൂർ രാഷ്ട്രീയം പഠിച്ചാൽ ലോകത്ത് എവിടെ പോയാലും രാഷ്ട്രീയം കളിക്കാമെന്ന് എന്റെ അച്ഛൻ പറയാറുണ്ട്. ഇവിടുത്തെ ജനങ്ങൾ ബുദ്ധി ഇല്ലാത്തവരല്ല. സുരേഷ് ഗോപി എന്ന മനുഷ്യന് രാഷ്ട്രീയത്തിന് അപ്പുറത്ത് ബന്ധങ്ങൾ ഉണ്ട്. നല്ല മനുഷ്യന്മാരെ കേരളത്തിലെ ജനങ്ങൾ സ്വീകരിക്കും. കോൺഗ്രസ്സിലെ എല്ലാവരെയും ഞാൻ കുറ്റം പറയില്ല. നല്ല ആളുകളും ഉണ്ട്. പക്ഷെ അവരുടെ കയ്യിൽ അധികാരം ഇല്ല. അധികാരം ഒരു കോക്കസിന്റെ കയ്യിലാണ്. അതുള്ളിടത്തോളം കാലം ഇനി കോൺഗ്രസ്സിന് ഇവിടെ രക്ഷയില്ല. അവർ രക്ഷപ്പെടണം എന്ന് എനിക്ക് ആഗ്രഹവുമില്ല. എന്റെ പിതാവ് എല്ലാവരോടും ക്ഷമിക്കുന്ന മനുഷ്യനായിരുന്നു. എനിക്ക് എത്ര ക്ഷമിക്കാനുള്ള മനസ്സ് ആയിട്ടില്ല. ഞാൻ തൃശ്ശൂരുകാരിയാണ്. കാര്യങ്ങൾ എടുത്തടിച്ചു പറയുന്നവരാണ് തൃശ്ശൂരുകാർ. പക്ഷെ മനസ്സിൽ വളരെ നന്മയുള്ളവരാണ്. അതുകൊണ്ടുതന്നെയാണ് സുരേഷ് ഗോപിക്ക് ഇവിടെ ജയിക്കാൻ പറ്റിയത്. ഇനിയും ഇവിടെ താമരകൾ വിരിയും”, പത്മജ വ്യക്തമാക്കി.

ചെളിയിൽ താമര വിരിഞ്ഞു എന്നു പറഞ്ഞാണ് ചിലർ കളിയാക്കുന്നതെന്നും പക്ഷേ ചെളിയിൽ വിരിഞ്ഞത് ആയാലും താമരയുടെ സൗന്ദര്യമാണ് എല്ലാവരും നോക്കുന്നതെന്നും അവർ പറഞ്ഞു. “തൃശ്ശൂർ എനിക്ക് എന്നും ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന സ്ഥലമാണ്. കഴിഞ്ഞ ഒരു നാലഞ്ചു കൊല്ലം എനിക്ക് കൈപ്പുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിൽപോലും അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഓർമ്മകളാണ് ഇവിടെയുള്ളത്. ചേട്ടനോട് ഞാൻ സംസാരിച്ചിട്ടില്ല. അദ്ദേഹത്തെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിട്ടുമില്ല. അദ്ദേഹം ബുദ്ധിയും വിവരവുമുള്ള ആളാണ്. മുരളിയേട്ടനോട് ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. എല്ലാം അറിയുന്ന ആളാണ്. അത്യാവശ്യത്തിനു ബുദ്ധിയും ബോധമുള്ള മക്കളായിട്ട് തന്നെയാണ് കരുണാകരൻ രണ്ടു പേരെയും വളർത്തിയത്.

എനിക്ക് ചേട്ടനോട് ഇപ്പോഴുംസ്നേഹം ഉണ്ട്. രാഷ്ട്രീയപരമായിട്ട് ഞങ്ങൾ രണ്ട് പാർട്ടിയിൽ ആണെങ്കിലും ഞാൻ ഇതുവരെ ചേട്ടനെ കുറ്റം പറഞ്ഞിട്ടില്ല. എന്നെ എന്തെല്ലാം പറഞ്ഞിരിക്കുന്നു. ചേട്ടന് ദേഷ്യം വന്നു കഴിഞ്ഞാൽ അച്ഛനായാലും അമ്മയായാലും ചേട്ടൻ നല്ലത് പറയും. പക്ഷേ അത് കഴിഞ്ഞാൽ അദ്ദേഹം അതെല്ലാം മറക്കും. ഞാൻ അദ്ദേഹത്തിന്റെ അനിയത്തി അല്ലേ. അദ്ദേഹത്തിന് വേദന ഉണ്ടാകും. സ്വന്തം നാട്ടിൽ വന്നിട്ട് തോൽവി ഏറ്റുവാങ്ങിയതാണ്. മാന്യമായ തോൽവി എങ്കിലും ആകണ്ടേ. ഇത് എന്തൊരു തോൽവിയാണ് ലഭിച്ചത്.

സ്വന്തം നാട്ടിൽ വന്നിട്ട് തോൽക്കേണ്ടി വരുമ്പോൾ അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കണം. സഹോദരി എന്ന നിലയിൽ എനിക്കത് മനസ്സിലാക്കാം. അദ്ദേഹം രാഷ്ട്രീയം നിർത്തില്ല, വീട്ടിൽ വെറുതെ ഇരിക്കാൻ അദ്ദേഹത്തെ കൊണ്ട് കഴിയില്ല”, തൃശൂർ രാശിയില്ലാത്ത നാടാണ് എന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും രാശിയില്ലാത്തത് തൃശ്ശൂരിനല്ല ചില ആളുകൾക്കാണെന്നും പത്മജ കൂട്ടിച്ചേർത്തു.

“തൃശ്ശൂരിൽ കിട്ടിയ വോട്ട് ബിജെപിക്ക് സുരേഷ് ഗോപിക്കും മോദിക്കും കിട്ടിയ വോട്ടാണ്. ഏറെക്കാലമായി സുരേഷ് ഗോപിയെ എനിക്ക് അറിയാം. നിഷ്കളങ്കനായ മനുഷ്യനാണ്. രാഷ്ട്രീയം എന്നാൽ ജനങ്ങൾക്ക് ഉപകാരം ചെയ്യാം എന്നുള്ളതാണ് അദ്ദേഹത്തിന്റെ പോളിസി. അദ്ദേഹത്തിന്റെ നന്മ ആദ്യം ജനങ്ങൾ തിരിച്ചറിഞ്ഞില്ല, ഇപ്പോൾ തിരിച്ചറിഞ്ഞു. അങ്ങനെ വോട്ട് ചെയ്തതാണ്. എങ്ങനെയൊക്കെയാണ് അദ്ദേഹത്തിനെ ട്രോള് ചെയ്യുന്നത്. എങ്ങനെയൊക്കെയാണ് കളിയാക്കുന്നത്. 10 കൊല്ലം എല്ലാ ട്രോളുകളും എല്ലാ കളിയാക്കളും കേട്ട് ക്ഷമിച്ച് അദ്ദേഹം നിന്ന് പ്രവർത്തിച്ചു. അതിന് ജനം കൊടുത്ത സമ്മാനമാണിത്. ഒരു പൂവ് ചോദിച്ചതിന് ഒരു പൂക്കാലം കൊടുത്തു”, അവർ പറഞ്ഞു.