ബൈജു തെക്കൻ

തൃശ്ശൂര്‍: കെ. മുരളീധരന്‍ തോറ്റാല്‍ തന്റെ കാര്‍ നല്‍കുമെന്നുള്ള പന്തയം പാലിക്കുമെന്ന് ചാവക്കാട് സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബൈജു തെക്കന്‍. വ്യാഴാഴ്ച രാവിലെ നാട്ടിലെ ക്ഷേത്ര പരിസരത്തുവെച്ചാകും പന്തയംവെച്ച സുഹൃത്തിന് കാര്‍ കൈമാറുകയെന്നും അദ്ദേഹം പറഞ്ഞു.
കെ. മുരളീധരന്‍ വിജയിക്കുമെന്നാണ് അടിയുറച്ച് വിശ്വസിച്ചിരുന്നതെന്നും അതിനാലാണ് കാര്‍ നല്‍കുമെന്ന് പറഞ്ഞതെന്നും ബൈജു പ്രതികരിച്ചു.

കടയില്‍ ചായ കുടിക്കുന്നതിനിടെയാണ് ബൈജുവും സുഹൃത്തായ ചില്ലി സുനിയും തിരഞ്ഞെടുപ്പ് പന്തയത്തിലേര്‍പ്പെട്ടത്. തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ കെ.മുരളീധരന്‍ തോറ്റാല്‍ തന്റെ ‘വാഗണ്‍ ആര്‍’ കാര്‍ സുഹൃത്തും ബി.ജെ.പി. പ്രവര്‍ത്തകനുമായ സുനിക്ക് നല്‍കുമെന്നായിരുന്നു ബൈജു പറഞ്ഞിരുന്നത്. സുരേഷ് ഗോപി തോറ്റാല്‍ സുനി അദ്ദേഹത്തിന്റെ ‘സ്വിഫ്റ്റ്’ കാര്‍ ബൈജുവിന് നല്‍കാമെന്നും പന്തയംവെച്ചു. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് പന്തയം പാലിക്കുമെന്നും കാര്‍ കൈമാറുമെന്നും ബൈജു അറിയിച്ചത്.

സെയില്‍ ലെറ്റര്‍ തയ്യാറാക്കി. നാളെ രാവിലെ ക്ഷേത്ര പരിസരത്തുവെച്ച് കാര്‍ കൈമാറും. ഇത്ര വലിയ പന്തയം വേണ്ടില്ലായിരുന്നുവെന്ന് പലരും ഉപദേശിച്ചിരുന്നു. പക്ഷേ, വാക്കാണല്ലോ പ്രധാനം. പന്തയത്തില്‍ ഖേദമില്ലെന്നും ബൈജു പറഞ്ഞു. കെ. മുരളീധരന്റെ തോല്‍വിയില്‍ നിരാശരാണ്. കോണ്‍ഗ്രസ് നേതൃത്വം തന്നെ മോശമായരീതിയിലാണ് പ്രവര്‍ത്തനം നടത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് പല ഭാരവാഹികളെയും കുത്തിക്കയറ്റി. തൃശ്ശൂരില്‍ പാര്‍ട്ടി ക്ഷീണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.