പ്രജിത്തിനെയും ഭാര്യ രാജിയെയും കവർച്ചനടന്ന പള്ളിപ്പാട്ടെ എൻ.ടി.പി.സി. റോഡിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ
ഹരിപ്പാട്(ആലപ്പുഴ): സ്‌കൂട്ടര്‍യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന വ്യാജേന മൂന്നുപവന്റെ ആഭരണം പൊട്ടിച്ചെടുത്ത കേസില്‍ അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കരുവാറ്റ വടക്ക് കൊച്ചുകടത്തേരില്‍ പ്രജിത്ത് (37), ഭാര്യ രാജി (32) എന്നിവരാണ് പിടിയിലായത്.
പ്രജിത്ത് ഓടിച്ച സ്‌കൂട്ടറിനുപിന്നില്‍ ആണ്‍വേഷംകെട്ടിയാണ് രാജി ഇരുന്നതെന്നും മോഷണശേഷം വേഷംമാറിയാണ് ഇരുവരും രക്ഷപ്പെട്ടതെന്നും കേസന്വേഷിച്ച കരീലക്കുളങ്ങര എസ്.എച്ച്.ഒ. എന്‍. സുനീഷ് പറഞ്ഞു. മേയ് 25-നു രാത്രി ഏഴരയോടെ മുട്ടത്തുനിന്ന് നാലുകെട്ടുംകവലയിലേക്കുള്ള എന്‍.ടി.പി.സി. റോഡിലായിരുന്നു സംഭവം.
രാമപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി, പള്ളിപ്പാട് നാലുകെട്ടുംകവല കവലയ്ക്കല്‍ ആര്യ(23)യാണ് ആക്രമിക്കപ്പെട്ടത്. പിടിച്ചുപറിച്ച ആഭരണങ്ങള്‍ പ്രതികള്‍ വിറ്റിരുന്നു. പോലീസ് ഇതു വീണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെടുത്തു.
ആര്യയുടെ സ്‌കൂട്ടറിനുപിന്നില്‍ പ്രതികള്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തെറിച്ചുവീണ ആര്യയെ രക്ഷിക്കാനെന്ന ഭാവത്തില്‍ എഴുന്നേല്‍പ്പിച്ചശേഷം മാലപൊട്ടിക്കാന്‍ ശ്രമിച്ചു. അപകടം തിരിച്ചറിഞ്ഞ ആര്യ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രജിത്ത് മുടിക്കുപിടിച്ചുനിര്‍ത്തി കൈച്ചെയിനും പാദസരങ്ങളിലൊന്നും മോതിരവും ഊരിയെടുത്തു. തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു.
ശക്തമായി മഴയുണ്ടായിരുന്നു. മോഷണത്തിനിടെ പ്രതികള്‍ ആര്യയുടെ മൊബൈല്‍ ഫോണ്‍ വെള്ളക്കെട്ടിലേക്കു വലിച്ചെറിഞ്ഞിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്. തന്നെ ഇടിച്ചുവീഴ്ത്തിയത് രണ്ടു പുരുഷന്മാരാണെന്നായിരുന്നു ആര്യയുടെ മൊഴി. എന്നാല്‍, ചില സി.സി.ടി.വി. ദൃശ്യങ്ങളില്‍ പുരുഷനെയും സ്ത്രീയെയും കണ്ടു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് കരുവാറ്റയിലെ വീട്ടില്‍നിന്ന് പ്രതികളെ പിടികൂടിയത്.
മോഷണശേഷം കായംകുളം ഭാഗത്തേക്കാണ് പ്രതികള്‍ പോയത്. ഇതിനിടയില്‍ പ്രജിത്ത് ഉടുപ്പു മാറി. കായംകുളത്ത് എത്തിയശേഷമാണ് രാജി ധരിച്ചിരുന്ന ഉടുപ്പും പാന്റ്‌സും മാറിയത്. ഡാണാപ്പടിയിലെ ഒരു കടയില്‍ ആഭരണങ്ങള്‍ വിറ്റശേഷം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ പ്രതികള്‍ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.
കുരുക്കഴിക്കാന്‍ തുണയായത് സ്‌കൂട്ടറിലെ നീലവെളിച്ചം
ഹരിപ്പാട്: പള്ളിപ്പാട് നാലുകെട്ടുംകവല കവലയ്ക്കല്‍ ആര്യ(23)യെ ഇടിച്ചുവീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പോലീസ് നേരിട്ടത് വലിയ വെല്ലുവിളി. ദൃക്സാക്ഷികളില്ലാത്ത കേസില്‍ യുവതി പ്രതികളെപ്പറ്റി നല്‍കിയ സൂചനകളും അവ്യക്തമായ സി.സി.ടി.വി. ദൃശ്യങ്ങളും മാത്രമായിരുന്നു പിടിവള്ളി. സ്‌കൂട്ടറിലെത്തിയ രണ്ടു പുരുഷന്മാരാണ് തന്നെ ഇടിച്ചുവീഴ്ത്തി ആഭരണങ്ങള്‍ പൊട്ടിച്ചെടുത്തതെന്നായിരുന്നു ആര്യ മൊഴിനല്‍കിയത്.
സംഭവം നടന്നത് പാടശേഖരത്തിന്റെ മധ്യത്തിലൂടെയുള്ള വിജനമായ വഴിയിലായിരുന്നു. അവിടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ക്കു സാധ്യതയില്ല. നാലുകെട്ടുംകവലയിലേക്കുള്ള എന്‍.ടി.പി.സി.റോഡിലേക്കു തിരിയുന്ന പ്രധാന റോഡിന്റെ ഭാഗത്തെ വീടുകളിലെയും കടകളിലെയും ദൃശ്യങ്ങളാണ് ആദ്യം പോലീസ് ആശ്രയിച്ചത്. അവ്യക്തമായ ദൃശ്യങ്ങളായിരുന്നെങ്കിലും സ്‌കൂട്ടറിലെ നീലനിറത്തിലെ വെളിച്ചം പോലീസിനു പ്രതീക്ഷ പകരുന്നതായിരുന്നു.
സ്‌കൂട്ടറിലെ രണ്ടുയാത്രക്കാരും ഹെല്‍മെറ്റ് ധരിച്ചിരുന്നു. പാന്റ്സും ഷര്‍ട്ടുമായിരുന്നു ഇരുവരുടെയും വേഷം. ഇവര്‍ നങ്ങ്യാര്‍കുളങ്ങരയില്‍നിന്ന് മാവേലിക്കര റോഡിലൂടെ മുന്നോട്ടുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.
മൊഴി നിര്‍ണായകമായി
ആര്യയുടെ മൊഴിയുമായി ഒത്തുപോകുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. മോഷണത്തിനുശേഷം കായംകുളം ഭാഗത്തേക്ക് ഇതേ സ്‌കൂട്ടര്‍യാത്രക്കാര്‍ പോയതും പോലീസ് തിരിച്ചറിഞ്ഞു. പിന്നീട് കായംകുളത്തുനിന്ന് കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ കിട്ടിയെങ്കിലും അതില്‍ പുരുഷനും സ്ത്രീയുമായിരുന്നു. ഇതോടെ പോലീസ് ആശയക്കുഴപ്പത്തിലായി.
ആര്യ വീണ്ടും കണ്ട് വിശദമായ മൊഴി രേഖപ്പെടുത്തി. സ്‌കൂട്ടര്‍ ഓടിച്ചുവന്ന ആള്‍ ആഭരണങ്ങള്‍ പൊട്ടിച്ചെടുത്തപ്പോള്‍ ഷര്‍ട്ടും പാന്റ്സും ഹെല്‍മെറ്റും ധരിച്ച ആള്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്നെന്നും ആര്യ ഓര്‍ത്തെടുത്തു. ഇതോടെ യുവതി ആണായി വേഷമിട്ട് മോഷണത്തിനെത്താനുള്ള സാധ്യതയിലേക്ക് അന്വേഷണം വഴിമാറി.
സ്‌കൂട്ടര്‍ ഉടമയെ തേടി പോലീസ് കരുവാറ്റയിലെത്തിയപ്പോള്‍ ഗര്‍ഭിണിയായ യുവതിയെപ്പറ്റിയാണ് അറിയുന്നത്. ഇവരുടെ ഭര്‍ത്താവ് മോഷണത്തിനും മയക്കുമരുന്നു വില്‍പ്പനയ്ക്കും നേരത്തേ അറസ്റ്റിലായിട്ടുള്ള ആളാണെന്നും മനസ്സിലായി. ഇതോടെ പോലീസ് സംഘം വീടുവളഞ്ഞു. പ്രതി കരുവാറ്റ വടക്ക് കൊച്ചുകടത്തേരില്‍ പ്രജിത്തും (37) ഭാര്യ രാജി(32)യും സ്ഥലത്തില്ലായിരുന്നു. ഇരുവരും മടങ്ങിയെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്തു.
ആര്യയുടെ കൊലുസ്സും കൈച്ചെയിനും മോതിരവും ഉള്‍പ്പെടെ മൂന്നുപവന്റെ ആഭരണങ്ങള്‍ തട്ടിയെടുക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. പോലീസ് നടത്തിയ തിരച്ചിലില്‍ കൊലുസ്സുകളിലൊന്നും കൈച്ചെയിനിന്റെ ഭാഗവും ഉള്‍പ്പെടെ ഒന്നേമുക്കാല്‍ പവന്റെ ആഭരണങ്ങള്‍ സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തിരുന്നു.
ഒന്നേകാല്‍ പവന്‍ മാത്രമാണ് പ്രതികള്‍ക്കു തട്ടിയെടുക്കാനായത്. ഈ സ്വര്‍ണം പ്രതികളുമായി നടത്തിയ തെളിവെടുപ്പിലൂടെ പോലീസ് വീണ്ടെടുത്തു. സംഭവസമയത്ത് പ്രതി പ്രജിത്ത് ധരിച്ചിരുന്നതും പിന്നീട് വഴിയില്‍ ഉപേക്ഷിച്ചതുമായ ഷര്‍ട്ട് പോലീസ് കണ്ടെടുത്തു. രാജി ധരിച്ചിരുന്ന ഷര്‍ട്ടും പാന്റ്സും ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ കിട്ടിയിട്ടുണ്ട്.
കായംകുളം ഡിവൈ.എസ്.പി. അജയ്നാഥിന്റെ നേതൃത്വത്തില്‍ കരീലക്കുളങ്ങര സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ എന്‍. സുനീഷ്, എസ്.ഐ.മാരായ ബജിത്ത് ലാല്‍, പ്രദീപ്, സിവില്‍പോലീസ് ഓഫീസര്‍മാരായ ദിവ്യ, സുഹൈല്‍, ഷമീര്‍, ഷാഫി എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ മണിക്കുട്ടന്‍, ഇയാസ്, ദീപക്, ഷാജഹാന്‍, അഖില്‍ മുരളി എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.
