നിതീഷും തേജസ്വിയും ഒരേ വിമാനത്തിൽ ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നു
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതോടെ പുതിയ സര്‍ക്കാരിനെ സംബന്ധിച്ച് ദേശീയ രാഷ്ട്രീയത്തില്‍ നിരവധി അഭ്യൂഹങ്ങളാണ് നിലനില്‍ക്കുന്നത്. ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെയും ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെയും തീരുമാനങ്ങള്‍ നിര്‍ണായകമാണെന്നിരിക്കെ ഇരുനേതാക്കളുടേയും നീക്കങ്ങള്‍ വലിയ ശ്രദ്ധയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.
ഫലം വന്നതിന് പിന്നാലെ ബുധനാഴ്ച നിതീഷ് കുമാറും ഇന്ത്യ മുന്നണിയുടെയും ആര്‍ജെഡിയുടെയും നേതാവായ തേജസ്വി യാദവും ഒരേ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പറന്നത് അഭ്യൂഹങ്ങള്‍ക്കിടെയാണ്. രാഷ്ട്രീയ മറുകണ്ടം ചാടലില്‍ പേരുകേട്ട നിതീഷിന്റെ നീക്കങ്ങള്‍ എന്‍ഡിഎ-ബിജെപി നേതാക്കളും നിരീക്ഷിച്ച് വരുന്നതിനിടെയാണിത്.
മുന്നിലും പിന്നിലുമായി തൊട്ടടുത്ത സീറ്റുകളില്‍ ഇരുവരും വിമാനത്തിലിരിക്കുന്ന വീഡിയോയും ചര്‍ച്ചയായി കഴിഞ്ഞു. അതേ സമയം നിതീഷിന്റെ വിശ്വസ്തനും ജെഡിയു നേതാവുമായ കെ.സി.ത്യാഗി ഇന്ത്യസഖ്യത്തിലേക്ക് നിതീഷ് മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി. എന്‍ഡിഎയ്‌ക്കൊപ്പം ജെഡിയു ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
ഭൂരിപക്ഷത്തിനുവേണ്ട മാന്ത്രിക സംഖ്യ (272) മറികടക്കാന്‍ സാധിക്കാത്തതോടെ നിതീഷിനേയും നായിഡുവിനേയും ചേര്‍ത്തുപിടിക്കാന്‍ ബി.ജെ.പി.യും മറുകണ്ടംചാടിക്കാന്‍ ഇന്ത്യസഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസും ശ്രമം തുടങ്ങിയിരുന്നു.
മുന്‍പ് തങ്ങളുടെ സഖ്യകക്ഷികളായിരുന്ന ജെ.ഡി.യു.വിനേയും ടി.ഡി.പി.യേയും ഒപ്പംചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതകള്‍ കോണ്‍ഗ്രസ് തള്ളുന്നില്ല. ഇന്നുചേരുന്ന ഇന്ത്യസഖ്യത്തിന്റെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകും. ഈ യോഗത്തിനായിട്ടാണ് തേജസ്വി യാദവ് ഡല്‍ഹിയിലേക്കെത്തിയത്. പട്‌നയില്‍ ഡല്‍ഹിയിലേക്കുള്ള വിസ്താര വിമാനത്തിലാണ് നിതീഷിനൊപ്പം തേജസ്വി യാത്ര ചെയ്തത്.
നിതീഷിന് ഉപപ്രധാനമന്ത്രിപദമാണെങ്കില്‍ നായിഡുവിന് ആന്ധ്രാപ്രദേശിന് പ്രത്യേകപദവി നല്‍കാമെന്ന് ഇന്ത്യസഖ്യം വാഗ്ദാനംചെയ്തുവെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരുമായും എന്‍.സി.പി. നേതാവ് ശരദ് പവാര്‍ ബന്ധപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പവാര്‍ അത് തള്ളിയിട്ടുണ്ട്.
543 അംഗ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണ്. ബിജെപിക്ക് ഒറ്റയ്ക്ക് 240 സീറ്റുകളുണ്ട്. നിതീഷിയും നായിഡുവും ഉള്‍പ്പെടുന്ന എന്‍ഡിഎ മുന്നണിക്ക് 292 സീറ്റുകളുണ്ടെങ്കിലും മുന്നണികള്‍ മാറികളിക്കുന്ന ഇരുവരുടെയും മുന്‍നിലപാടുകളാണ് ബിജെപിക്ക് തലവേദ സൃഷ്ടിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടിഡിപിയും ജെഡിയുവും ബിജെപിയുമായി സഖ്യത്തിലെത്തിയത്. ഇന്ത്യ മുന്നണി രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന നേതാവാണ് നിതീഷ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു നായിഡു.
കഴിഞ്ഞ രണ്ട് തവണ അധികാരത്തിലേറിയപ്പോഴും ബിജെപിക്ക് ഒറ്റയക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ മോദിയുടെ പ്രധാന വാഗ്ദാനമായ ഏകസിവില്‍ കോഡ് അടക്കമുള്ള അജണ്ടകള്‍ നടപ്പാക്കാന്‍ ഘടകക്ഷികളുടെ തീരുമാനങ്ങളെ ബിജെപിക്ക് ആശ്രയിക്കേണ്ടിവരും.
