Photo:PTI
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ഗ്രൂപ്പ് ഡി യിലെ പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ആറു വിക്കറ്റ് ജയം നേടി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 77 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, 16.2 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍- ശ്രീലങ്ക: 77/10 (19.1 ഓവര്‍). ദക്ഷിണാഫ്രിക്ക: 80/ 4 (16.2 ഓവര്‍). നാലോവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കി ശ്രീലങ്കയുടെ നാല് വിക്കറ്റെടുത്ത ആന്റിച്ച് നോര്‍ക്യയാണ് ദക്ഷിണാഫ്രിക്കയുടെ ജയം എളുപ്പമാക്കിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനായില്ല. ലങ്കന്‍ നിരയില്‍ മൂന്ന് പേരൊഴിച്ച് മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. കുശാല്‍ മെന്‍ഡിസ് (19), കാമിന്ദു മെന്‍ഡിസ്(11), ഏഞ്ചലോ മാത്യൂസ്(16) എന്നിവരാണ് രണ്ടക്കം കടന്നത്. വാനിന്ദു ഹസരങ്ക, സദീര സമരവിക്രമ, മഹീഷ് പതിരണ, നുവാന്‍ തുഷാര എന്നിവര്‍ക്ക് റണ്ണൊന്നുമെടുക്കാനായില്ല. പതും നിസ്സങ്ക(3), ചരിത് അസലങ്ക(6), ദസുന്‍ ഷനക(9) എന്നിവര്‍ നിരാശപ്പെടുത്തി. ഏഴ് റണ്ണെടുത്ത മഹീഷ് തീക്ഷണ പുറത്താവാതെ നിന്നു. 19.1 ഓവറില്‍ ലങ്കന്‍ ഇന്നിങ്സ് അവസാനിച്ചു. റബാദ, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്വിന്റണ്‍ ഡി കോക്ക് (20), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (12), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (13), ഹെന്റിച്ച് ക്ലാസന്‍ (19) എന്നിവര്‍ ചേര്‍ന്നാണ് ജയമൊരുക്കിയത്. റീസ ഹെന്‍ട്രിക്‌സ് (4), ഡേവിഡ് മില്ലര്‍ (6) എന്നിവരും സംഭാവന നല്‍കി. ശ്രീലങ്കയ്ക്കായി മൂന്നോവറില്‍ ഒരു മെയ്ഡനടക്കം ആറ് റണ്‍സ് മാത്രം വിട്ടുനല്‍കി ദസുന്‍ ശനക ഒരു വിക്കറ്റ് നേടി. ക്യാപ്റ്റന്‍ വനിന്ദു ഹസരങ്ക (2), നുവാന്‍ തുഷാര (1) എന്നിവരും വിക്കറ്റുകള്‍ നേടി.
