സുരേഷ് ഗോപി

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയമുറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം. ജ്യോതികൃഷ്ണ, ഭാമ, സുധീർ തുടങ്ങി നിരവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ സുരേഷ് ഗോപിക്ക് ആശംസകളുമായി എത്തുന്നത്.

അതേസമയം സ്വന്തം നാടായ തിരുവനന്തപുരത്ത് ആണ് സുരേഷ് ഗോപി ഇപ്പോഴുളളത്. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നല്‍കി ആഹ്ലാദം പങ്കിട്ടു. തുടര്‍ന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്.

മാധ്യമങ്ങളോട് സുരേഷ് ഗോപി പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞു തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഭാര്യ രാധികയും മക്കളും ചേര്‍ന്ന് പായസം നല്‍കിയാണ് ആഘോഷം പങ്കിട്ടത്.

കൊല്ലത്തെ തോല്‍വിക്കിടയിലും സുരേഷ് ഗോപിയെ കാണാൻ എന്‍ഡിഎ സ്ഥാനാർഥി കൃഷ്ണകുമാറും എത്തിയിരുന്നു. കൃഷ്ണകുമാറും ഭാര്യയും സുരേഷ് ഗോപിയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. കൊല്ലത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും കേരളത്തില്‍ താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷ് ഗോപി മാറിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.