കിലിയൻ എംബപെ (Photo: FRANCK FIFE / AFP)
മഡ്രിഡ് ∙ ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ. എംബപെയുമായി 5 വർഷ കരാർ ഒപ്പുവച്ചതായി റയൽ അറിയിച്ചു. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റ് ആയിട്ടാണ് എംബപെ റയലിലെത്തുന്നത്. പ്രതിഫലമായി മാത്രം വർഷംതോറും ഒന്നര കോടി യൂറോ (ഏകദേശം 136 കോടി രൂപ) എംബപെയ്ക്കു ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സൈനിങ് ബോണസ് ആയി 8.5 കോടി പൗണ്ട് (ഏകദേശം 900 കോടി രൂപ) തവണകളായും റയൽ എംബപെയ്ക്കു നൽകും.
ഇത്തവണ സ്പാനിഷ് ലീഗ്, യുവേഫ ചാംപ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ റയലിന് ഇരുപത്തിയഞ്ചുകാരൻ എംബപെയുടെ വരവ് കരുത്തു പകരും. തന്റെ വരവ് റയൽ പ്രഖ്യാപിച്ചതിനു പിന്നാലെ, കുട്ടിക്കാലത്ത് റയൽ മഡ്രിഡ് ജഴ്സിയണിഞ്ഞ് താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം നിൽക്കുന്ന ചിത്രം എംബപെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘ഒരു സ്വപ്നം യാഥാർഥ്യമായി’ എന്ന അടിക്കുറിപ്പോടെയാണ് എംബപെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഈ സീസൺ കഴിഞ്ഞാൽ താൻ പിഎസ്ജി വിടുമെന്ന് എംബപെ മേയ് 10ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
യൂറോ കപ്പ് ഫുട്ബോളിനായി ഫ്രാൻസ് ദേശീയ ടീമിനൊപ്പം ചേരുന്നതിനു മുൻപ് എംബപെയെ റയൽ ഹോംഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യൂവിൽ അവതരിപ്പിച്ചേക്കും. ജൂൺ 14 മുതൽ ജൂലൈ 14 വരെയാണ് യൂറോ കപ്പ്. യൂറോ കപ്പിനു ശേഷം പ്രീ സീസണിനായി റയൽ ടീമിനൊപ്പം ചേരും.
പിഎസ്ജിക്കായി 7 സീസണുകൾ കളിച്ച എംബപെ 6 ഫ്രഞ്ച് ലീഗ്, 4 ഫ്രഞ്ച് കപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളിയായെങ്കിലും ഇതുവരെ കരിയറിൽ യുവേഫ ചാംപ്യൻസ് ലീഗ് നേടാനായിട്ടില്ല.
