രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും പാർട്ടി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനുമൊപ്പം |ഫോട്ടോ:ANI

ന്യൂഡല്‍ഹി : സംസ്ഥാനങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍പ്രകാരം ഇത്തവണ 100 സീറ്റെങ്കിലും നേടുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി എന്നിവര്‍ ഞായറാഴ്ച വിളിച്ച സ്ഥാനാര്‍ഥികളുടെയും സംസ്ഥാനനേതാക്കളുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് പാര്‍ട്ടി സ്ഥിതി മെച്ചപ്പെടുത്തുമെന്ന വിലയിരുത്തലുണ്ടായത്.

ഇന്ത്യസഖ്യം 295 സീറ്റ് നേടുമെന്ന് യോഗത്തിനുശേഷം രാഹുല്‍ഗാന്ധി മാധ്യമങ്ങളോടും പറഞ്ഞു. ബി.ജെ.പി.ക്കെതിരേ കരുത്തോടെ പോരാടിയ എല്ലാ സ്ഥാനാര്‍ഥികളെയും രാഹുല്‍ അഭിനന്ദിച്ചു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ്, ഝാര്‍ഖണ്ഡ്, അസം, ഹിമാചല്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ളവരാണ് കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്തുമെന്നറിയിച്ചത്.

കേരളത്തില്‍ ഇത്തവണ ഇരുപതും ലഭിക്കുമെന്ന വിശ്വാസം എല്ലാവരും പങ്കുവെച്ചു. കര്‍ണാടകത്തില്‍ 20 സീറ്റുവരെ ലഭിക്കുമെന്ന് ഡി.കെ. ശിവകുമാര്‍ അറിയിച്ചു. തെലങ്കാനയിലെ 10 സീറ്റ് കിട്ടുമെന്നായിരുന്നു നേതാക്കളുടെ ആത്മവിശ്വാസം.

പഞ്ചാബിലെ ഒമ്പതുവരെ സീറ്റ് നേടുമെന്ന് പ്രതിപക്ഷനേതാവ് പ്രതാപ് സിങ് ബാജ്വ പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ രണ്ടുസീറ്റ് ലഭിക്കുമെന്നും രണ്ടുസീറ്റില്‍ കടുത്തമത്സരമാണെന്നും മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു പറഞ്ഞു.

ബിഹാറില്‍ മത്സരിച്ച ഒമ്പതില്‍ ഏഴെണ്ണംവരെ കിട്ടുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അഖിലേഷ് പ്രതാപ് സിങ് പറഞ്ഞത്. ഇന്ത്യസഖ്യത്തിന് 20 സീറ്റ് ലഭിക്കും.

ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് ഒമ്പതിടത്താണ് പ്രതീക്ഷ. മഹാരാഷ്ട്രയില്‍ 38-40 സീറ്റ് ഇന്ത്യസഖ്യത്തിനും 16 എണ്ണം കോണ്‍ഗ്രസിനും ലഭിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ നാനാ പട്ടോളെ നേതൃത്വത്തെ ധരിപ്പിച്ചു. രാജസ്ഥാനില്‍ 12-13 സീറ്റ് ലഭിക്കുമെന്ന് പി.സി.സി. അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊതാസറ പറഞ്ഞു. ഗുജറാത്തില്‍ പാര്‍ട്ടി ശക്തമായി പോരാടിയെന്നും അഞ്ചുസീറ്റുവരെ പാര്‍ട്ടി നേടുമെന്നും ശക്തിസിങ് ഗോയല്‍ പറഞ്ഞു.