പ്രതീകാത്മക ചിത്രം
കൊച്ചി: സപ്ലൈക്കോയുടെ പേരില്‍ ഏഴുകോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത് മുന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാള്‍. ഇയാള്‍ക്ക് ഭക്ഷ്യവകുപ്പിനുള്ളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ റിമാന്‍ഡിലുള്ള കൊച്ചി എളംകുളം സ്വദേശിയായ സതീഷ് ചന്ദ്രന്‍ മൂന്നുമാസത്തോളം മന്ത്രി തിലോത്തമന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നു. അന്നും പലതരത്തിലുള്ള തട്ടിപ്പുകളിലുള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് സതീഷ് ചന്ദ്രന്റെ പേരില്‍ കഴിഞ്ഞവര്‍ഷം കൊച്ചി പോലീസ് കേസുമെടുത്തിരുന്നു.
സപ്ലൈക്കോയുടെ ഹ്യൂമന്‍ റിസോഴ്സ് വിഭാഗം അസിസ്റ്റന്റ് മാനേജരായി വിരമിച്ച വ്യക്തിയാണ് അറസ്റ്റിലായ സതീഷ് ചന്ദ്രന്‍. മൂന്ന് ഉത്തരേന്ത്യന്‍ കമ്പനികള്‍ക്ക് സപ്ലൈക്കോയുടെ വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി ചോളം വാങ്ങി, മറിച്ചുവിറ്റ് ഏഴുകോടി രൂപയിലധികമാണ് സതീഷ് ചന്ദ്രന്‍ തട്ടിയെടുത്തത്. ഇതിനായി സപ്ലൈക്കോയുടെ mthp@supplycomail.com, amthp@supplycomail.com എന്ന രണ്ട് ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങള്‍ ഇയാള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. വ്യാജ ലെറ്റര്‍ ഹെഡില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ തയ്യാറാക്കി സപ്ലൈക്കോയുടെ ജി.എസ്.ടി. നമ്പറും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. 2023 നവംബര്‍ രണ്ടിനും 2024 ജനുവരി 10-നുമാണ് പര്‍ച്ചേസ് ഓര്‍ഡറുകള്‍ ഈ കമ്പനിക്ക് നല്‍കിയത്. ഈ കമ്പനികള്‍ക്ക് മൂന്നുകോടി രൂപയോളം നല്‍കുകയും ചെയ്തു. ബാക്കി ലഭിക്കാനുള്ള 4.15 കോടി രൂപയ്ക്കായി കമ്പനി പ്രതിനിധികള്‍ സമീപിച്ചപ്പോള്‍ മാത്രമാണ് തട്ടിപ്പിനെക്കുറിച്ച് സപ്ലൈക്കോ അധികൃതര്‍ അറിഞ്ഞത്.
