പ്രതീകാത്മകചിത്രം | Photo : PTI
ലഖ്‌നൗ: മോഷണത്തിനിടെ ഡോക്ടറുടെ വീട്ടില്‍ക്കിടന്ന് മയങ്ങിപ്പോയ മോഷ്ടാവ് പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ബല്‍റാംപുര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സുനില്‍ പാണ്ഡെയുടെ ലഖ്‌നൗവിലെ വീട്ടിലാണ് മോഷ്ടാവ് അതിക്രമിച്ചുകയറിയത്. ഡോക്ടറും കുടുംബവും വാരണാസിയിലാണ് നിലവില്‍ താമസം.
ഇന്ദിരാനഗറിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ വാതില്‍ തുറന്നനിലയില്‍ കണ്ട് പരിശോധിക്കാനെത്തിയ അയല്‍ക്കാര്‍ വീടിനുള്ളില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട. നിലയില്‍ കണ്ടതോടെ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മതിമറന്ന് മയങ്ങുന്ന മോഷ്ടാവിനെ കണ്ടെത്തി. അല്‍പനേരം ഉറക്കം കഴിഞ്ഞുണര്‍ന്ന മോഷ്ടാവാകട്ടെ കണ്ടത് ചുറ്റും നില്‍ക്കുന്ന പോലീസ് സംഘത്തേയും. പ്രതിയെ പോലീസ് അപ്പോള്‍ത്തന്നെ കസ്റ്റഡിയിലെടുത്തു.
വീട്ടിലെ എല്ലാ അലമാരകളും മോഷ്ടാവ് കുത്തിത്തുറന്നിരുന്നു. പണം കൂടാതെ വാഷ് ബേസിന്‍, ഗ്യാസ് സിലിണ്ടര്‍, വാട്ടര്‍ പമ്പ് തുടങ്ങി വീട്ടിലെ മൊത്തം സാധനങ്ങളും കടത്താനായിരുന്നു മോഷ്ടാവിന്റെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. അതിനിടെ പമ്പ് അഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്‍വെര്‍ട്ടര്‍ എടുക്കുന്നതിനിടെ മോഷ്ടാവ് ബോധരഹിതനായതോടെയാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
