പിടിയിലായ അനിൽകുമാർ, മോഷ്ടിക്കാൻ ശ്രമിച്ച മാല, അനിൽകുമാറിനെ പോലീസ് പിടികൂടുന്ന ദൃശ്യം | Photo: Special Arrangement

തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ മാല പിടിച്ചുപറിച്ച പ്രതി പിടിയില്‍. യുവതിയുടെ സമയോചിത ഇടപെടൽ മൂലമാണ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി റോഡിൽ വീഴുകയും നാട്ടുകാർ ഓടിക്കൂടി ഇയാളെ പിടികൂടുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍(42) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. പോത്തന്‍കോട് പേരുത്തല സ്വദേശി അശ്വതി(30)യുടെ മാലയാണ് ഇയാൾ പിടിച്ചുപറിച്ചത്. പിടിച്ചുപറി ശ്രമത്തിനിടെ യുവതിക്കും പ്രതിക്കും പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചെങ്കോട്ടുകോണത്താണ് സംഭവം. അമ്മയ്‌ക്കൊപ്പം ചെങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയില്‍ പോയി മടങ്ങവെ സമീപത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മരുന്നു വാങ്ങി തിരികെ പോകുമ്പോഴായിരുന്നു പിടിച്ചുപറി ശ്രമം.

റോഡില്‍ തലയിടിച്ച് വീണ അശ്വതിയുടെ തലയ്ക്കും മുഖത്തും ശരീരത്തിലും പരിക്കേറ്റു. പിന്നിട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. സ്‌കൂട്ടറില്‍ നിന്നുള്ള വീഴ്ചയില്‍ പ്രതിയുടെ തലയ്ക്ക് പരിക്കേറ്റു. കസ്റ്റഡിയിലെടുത്ത പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.