Photo: x.com/

പാരീസ് ഒളിമ്പിക്‌സോടെ ഫുട്‌ബോളില്‍ നിന്ന് വിടവാങ്ങുമെന്ന് ബ്രസീല്‍ താരം മാര്‍ത്ത

ഫിഫ ലോകകപ്പ് ഫുട്ബോളില്‍ കൂടുതല്‍ ഗോള്‍ നേടിയത് ആര്? അന്താരാഷ്ട്ര ഫുട്ബോളില്‍ ബ്രസീലിനുവേണ്ടി കൂടുതല്‍ ഗോളടിച്ചതാര് ? അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോളടിച്ച ആദ്യത്തെയാളാര്? – എല്ലാ ചോദ്യങ്ങള്‍ക്കും ഒരേയൊരു ഉത്തരം. മാര്‍ത്ത. മാര്‍ത്ത വിയേറ ഡാ സില്‍വ. പെലെ, ഗാരിഞ്ച, സീക്കോ, റൊമാരിയോ, നെയ്മര്‍ തുടങ്ങിയ മഹാരഥര്‍ കളിച്ചുവളര്‍ന്ന ബ്രസീല്‍ ഫുട്ബോളിലെ ‘ക്വീന്‍’.

മാര്‍ത്ത ബ്രസീല്‍ ടീമിലെത്തിയിട്ട് 22 വര്‍ഷമായി. 2003 ഏപ്രില്‍ 25-ന് പെറുവിനെതിരായ മത്സരത്തോടെ ഗോളടി തുടങ്ങി. 22 വര്‍ഷം, 175 അന്താരാഷ്ട്ര മത്സരങ്ങള്‍, 116 ഗോള്‍… മഞ്ഞജേഴ്സിലെ ആ മന്ദഹാസം അവസാനിക്കുന്നു. പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന് 38-കാരി ഈയിടെ പ്രഖ്യാപിച്ചിരുന്നു.

‘സമയമായി എന്നു നമുക്കുതോന്നുന്ന ഘട്ടമുണ്ട്. ഞാന്‍ തീര്‍ത്തും ശാന്തമായാണ് ഈ തീരുമാനമെടുത്തത്. പാരീസ് ഒളിമ്പിക്‌സില്‍ കളിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കും. ബ്രസീല്‍ ടീമിനൊപ്പം എന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമിത്.’ – മാര്‍ത്ത പറഞ്ഞു. ഒളിമ്പിക്‌സിന് ബ്രസീല്‍ ടീം യോഗ്യത നേടിയിട്ടുണ്ട്.

ടോക്യോയില്‍ ഗോള്‍ നേടിയതോടെ തുടര്‍ച്ചയായി അഞ്ച് ഒളിമ്പിക്‌സില്‍ ഗോള്‍ നേടുന്ന ആദ്യത്തെയാളായ മാര്‍ത്തയ്ക്ക് ഒളിമ്പിക്‌സില്‍ രണ്ട് വെള്ളിയുണ്ട് (2004, 2008). ലോകകപ്പില്‍ കൂടുതല്‍ ഗോളിന് (17) ഉടമ. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ (16), ബ്രസീലിന്റെ റൊണാള്‍ഡോ (15) എന്നിവരാണ് തൊട്ടുപിന്നില്‍. 2006 മുതല്‍ 2010 വരെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ഫിഫയുടെ മികച്ച വനിതാ താരമായി. അങ്ങനെ നേട്ടങ്ങളുടെയും റെക്കോഡുകളുടെയും പരമ്പരതന്നെ കൂടെയുണ്ട്.

മാര്‍ത്തയ്ക്ക് ഒരുവയസ്സുള്ളപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയതാണ്. മാര്‍ത്ത ഉള്‍പ്പെടെ നാലു മക്കളെ വളര്‍ത്തിവലുതാക്കിയത് അമ്മ തെരേസ. കുട്ടിക്കാലത്ത് ഒരു ഫുട്ബോളോ ഷൂവോ വാങ്ങിനല്‍കാന്‍ അമ്മയ്ക്ക് കഴിയുമായിരുന്നില്ലെന്ന് മാര്‍ത്ത ഓര്‍ക്കുന്നു. അവിടെനിന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍മാരുടെ നിരയിലേക്ക് ആ പെണ്‍കുട്ടി വളര്‍ന്നു. മെഡല്‍ നേടിയാലും ഇല്ലെങ്കിലും, മാര്‍ത്ത മഞ്ഞജേഴ്‌സി അഴിച്ചുവെക്കുമ്പോള്‍ വനിതാ ഫുട്ബോളിലെ മാസ്മരികമായ ഒരധ്യായം അവസാനിക്കും.