Oppo f27 pro+ | Photo: X.com Mukul Sharma

ഓപ്പോ എഫ് 27 പ്രോ സ്മാര്‍ട്‌ഫോണ്‍ താമസിയാതെ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഐപി69 റേറ്റഡ് സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും ഇത്. ടിപ്സ്റ്ററായ മുകുള്‍ ശര്‍മയാണ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സൂചന നല്‍കുന്നത്.

ജൂണ്‍ 13 ന് ഓപ്പോ എഫ്27 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് മുകുള്‍ ശര്‍മ എക്‌സില്‍ പങ്കുവെച്ച പോസ്റ്റ്. ഓപ്പോ എഫ്27 സീരീസില്‍ എഫ്27, എഫ്27 പ്രോ, എഫ്27 പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് മോഡലുകളുണ്ടാവുമെന്ന് അദ്ദേഹം പറയുന്നു.

ഓപ്പോ എഫ്27 പ്രോ പ്ലസിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടു. രണ്ട് കളര്‍ ഓപ്ഷനുകള്‍ ഇതില്‍ വ്യക്തമാണ്. ഐപി 69 റേറ്റിങ് അടിസ്ഥാനമാക്കിയുള്ള. വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്‍സ് തന്നെയാവും ഇതിന്റെ മുഖ്യ ആകര്‍ഷണം. പ്രോ പ്ലസ് വേര്‍ഷനിലായിരിക്കും ഐപി 69 റേറ്റിങ് ഉണ്ടാവുക. മറ്റുള്ളവയ്ക്ക് യഥാക്രമം ഐപി66, ഐപി 68 റേറ്റിങ് ആയിരിക്കും.

സാംസങിന്റെ എസ്2, ഐഫോണ്‍ 15 ഉള്‍പ്പടെയുള്ള വിപണിയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലുകളിലെല്ലാം ഐപി 68 റേറ്റിങ് ആണുള്ളത്. ഇതുവരെ ഉയര്‍ന്ന റേറ്റിങ് ഐപി68 ആയിരുന്നു. അതേസമയം ഈ വിവരങ്ങളൊന്നും ഓപ്പോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഓപ്പോ എഫ്25 പ്രോ 5ജി ആണ് ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച എഫ് സീരീസ് ഫോണ്‍.