അവന്തികയ്ക്ക് വിദ്യാഭ്യാസമന്ത്രി സൈക്കിൾ കൈമാറുന്നു
കൊച്ചി: സൈക്കിള്‍ മോഷണംപോയെന്നും സഹായിക്കണമെന്നും അഭ്യർഥിച്ച് തനിക്ക് മെയിലയച്ച വിദ്യാർഥിനിക്ക് സര്‍പ്രൈസ് സമ്മാനവുമായി വിദ്യാഭ്യാസമന്ത്രി. പാലാരിവട്ടം സ്വദേശിനിയായ അവന്തിക എന്ന വിദ്യാർഥിനിയാണ് തന്റെ സൈക്കിൾ മോഷണം പോയ സങ്കടം മന്ത്രി വി. ശിവൻകുട്ടിക്ക് മെയിൽ അയച്ചത്.
പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ പ്രതികരണം കിട്ടിയില്ലെന്നും അവന്തികയുടെ കത്തിൽ പറയുന്നു. മെയിൽ ലഭിച്ച ഉടനെ അവന്തികയെയും പോലീസിനെയും ബന്ധപ്പെട്ട മന്ത്രി കൊച്ചി മേയറുടെ സഹായത്തോടെ വാങ്ങിയ സൈക്കിൾ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിനിടെ അവന്തികയ്ക്ക് വേദിയിൽവെച്ച് സമ്മാനിച്ചു.
മന്ത്രി ഇടപെട്ടാൽ കളഞ്ഞുപോയ സൈക്കിൾ പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് മെയിൽ അയച്ചതെന്നും ഇങ്ങനെ പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവന്തിക പറയുന്നു. പരാതി കൊടുക്കാൻപോയ പോലീസ് സ്റ്റേഷനിലിരുന്നാണ് മന്ത്രിക്ക് കത്തയച്ചതെന്നും ഇന്ന് ഈ സമ്മാനം ലഭിച്ചതിലൂടെ മന്ത്രിമാർ പൊതുജനങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടെന്നും അവന്തിക പറഞ്ഞു.
പച്ചക്കറിക്കച്ചവടം നടത്തുന്ന അച്ഛനും വീട്ടമ്മയായ അമ്മയ്ക്കുമൊപ്പം പാലാരിവട്ടത്തെ വാടക വീട്ടിലാണ് അവന്തികയുടെ താമസം. സ്വന്തമായി വീടില്ലെങ്കിലും കഷ്ടപ്പാടാണെങ്കിലും പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടുണ്ട് ഈ മിടുക്കി.
