Photo: x.com/KeralaBlasters

കൊച്ചി: പുതിയ പരിശീലകനെത്തിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ അഴിച്ചുപണി തുടരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ വിശ്വസ്തന്‍ ക്രൊയേഷ്യയുടെ മാര്‍കോ ലെസ്‌കോവിച്ചും ജപ്പാന്റെ മുന്നേറ്റനിര താരം ദയ്സുകെ സകായിയും ടീം വിട്ടതായി ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗ്രീക്ക് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമെന്റാകോസ്, ഗോള്‍കീപ്പര്‍മാരായ കരണ്‍ജിത്ത് സിങ്, ലാറ ശര്‍മ, സഹപരിശീലകന്‍ ഫ്രാങ്ക് ഡൗവെന്‍ എന്നിവരും ടീം വിട്ടിരുന്നു.

ഈ സീസണോടെ ലെസ്‌കോവിച്ചുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. താരത്തിന്റെ കരാര്‍ പുതുക്കേണ്ടെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. 33-കാരനായ ലെസ്‌കോവിച്ച് 2021-ലാണ് ക്ലബ്ബിന്റെ ഭാഗമാകുന്നത്. ബ്ലാസ്‌റ്റേഴ്‌സിനായി 53 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം ഒരു ഗോളും നേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റനിരയിലെ പ്രധാനിയായിരുന്നു ദയ്സുകെ സകായ്. ക്ലബ്ബിനായി 24 മത്സരങ്ങള്‍ കളിച്ച താരം മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്. ഇവാന്‍ വുകോമനോവിച്ചിനു പകരം മിക്കേല്‍ സ്റ്റാറേ പരിശീലകനായി എത്തിയതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സില്‍ സമ്പൂര്‍ണ അഴിച്ചുപണി നടക്കുന്നത്. പുതിയ താരങ്ങളുമായി ടീം ശക്തിപ്പെടുത്തുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ശ്രമങ്ങളെന്നാണ് സൂചനകള്‍.